Sorry, you need to enable JavaScript to visit this website.

ഇസ്ലാമിക് ഫിനാൻസ്  രാജ്യാന്തര സമ്മേളനം മൂന്നിന് 

മലപ്പുറം- അലിഗഢ് മുസ്ലിം സർവകലാശാലയുമായി സഹകരിച്ച് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് ഇക്കണോമിക്‌സ് ആന്റ് ഇസ്ലാമിക് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഇസ്ലാമിക് ഫിനാൻസ് രാജ്യാന്തര സമ്മേളനം' നവം. മൂന്നിന് ശനിയാഴ്ച നടക്കും. 'ഇസ്ലാമിക ധനവിനിമയ ശാസ്ത്രം: നൂതന പ്രവണതകൾ' എന്ന പ്രമേയത്തിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെക്യുറ ഇൻവെസ്റ്റ്‌മെൻറ് മാനേജ്‌മെൻറ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈജ്ഞാനിക പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ സർവകലാശാലകളിലെ അക്കാദമിക വിദഗ്ധർ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗവേഷകർ, ബിരുദാനന്തര വിദ്യാർഥികൾ, ബിസിനസ് രംഗത്തെ വിശിഷ്ട വ്യക്തികൾ, കോർപ്പറേറ്റുകൾ എന്നിവർക്കാണ് പ്രവേശനം. 
സാമ്പത്തിക നീതിയും സമത്വവും വിഭാവനം ചെയ്യുന്ന പലിശരഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക മാന്ദ്യത്തിന് പ്രായോഗിക പരിഹാരമായി ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇസ്ലാമിക് ഫിനാൻസിനെ പരിചയപ്പെടുത്തുക, ജനക്ഷേമകരവും വികസനോന്മുഖവുമായ ഇസ്ലാമിക സാമ്പത്തിക നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും യുവാക്കൾക്കും അവബോധം നൽകുക, ഈ രംഗത്തെ ജോലി സാധ്യതകളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുക തുടങ്ങിയവയാണ് സമ്മേളനത്തിൻ പ്രധാന ലക്ഷ്യങ്ങൾ.
സമ്മേളനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. 'ഇസ്ലാമിക-ആഗോള സമ്പദ് വ്യവസ്ഥകൾ: അടിസ്ഥാന തത്വങ്ങൾ', 'ഇന്ത്യയിലെ ഇസ്ലാമിക് ബാങ്കിംഗ്', 'ഇസ്ലാമിക് ഫിനാൻസിന്റെ ഉത്ഭവവും പൊതുധാരയിലേക്കുള്ള വളർച്ചയും' 'ഇസ്ലാമിക് ബാങ്കിംഗും സാമ്പത്തിക സേവനങ്ങളും', 'പലിശ മുക്ത ക്രയവിക്രയങ്ങളും സമൂഹവും' 'കേരളത്തിലെ ശരീഅ അനുസൃത നിക്ഷേപങ്ങൾ: പ്രത്യാശയും പ്രതീക്ഷയും' തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 
പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സയ്യിദ് മുഹമ്മദ് ശാക്കിർ, കോൺഫറൻസ് കോ-ഓഡിനേറ്റർ ഡോ. സി.എം.സാബിർ നവാസ്, പ്രൊഫ. കെ.പി.അബ്ദുൽ റഷീദ്, പ്രൊഫ. പി.കെ.ഇബ്‌റാഹീം, പ്രൊഫ. സി.കെ.മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News