കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റിയും എയർ കസ്റ്റംസും തമ്മിലുള്ള പോര് മുറുകുന്നു.
എയർപോർട്ട് അതോറിറ്റിക്കെതിരെ കസ്റ്റംസും കസറ്റംസിനെതിരെ അതോറിറ്റിയും രംഗത്തു വന്നതോടെ ഇരു വിഭാഗങ്ങളും തമ്മിലുളള പടലപ്പിണക്കം മറ നീക്കി പുറത്തുവന്നു.
കസ്റ്റംസ് ഹാളിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തനം നീക്കം ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സുരക്ഷയുടെ ഭാഗമായാണ് ക്യാമറകൾ നീക്കം ചെയ്തതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. എന്നാൽ ക്യാമറകൾ മാറ്റിയതോടെ യാത്രക്കാർ ക്‌സറ്റംസിന്റെ പീഡനങ്ങൾ വർധിക്കുന്നതായി ആക്ഷേപം ഉയർന്നു. ഇതിനിടെ കസ്റ്റംസ് ഹാളിലെ ഗ്ലാസ് ചുമരുകളെല്ലാം പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. ശുചീകരണ തൊഴിലാളികൾക്ക് ശുചീകരണത്തിന് പോലും കസ്റ്റംസ് ഹാളിലേക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായി. ഇതോടെ ശുചിമുറികളും വൃത്തിഹീനമായിരിക്കുകയാണ്. കസ്റ്റംസ് പരിശോധനയുടെ സ്വകാര്യതക്ക് ഭംഗം വരാതിരിക്കാനും, കളളക്കടത്ത് തടയാനുമാണ് നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരുന്നതെന്ന് കസ്റ്റംസ് പറയുന്നു.
യാത്രക്കാർക്ക് സുരക്ഷയും, എളുപ്പത്തിൽ പരിശോധനകൾ പൂർത്തിയാക്കാനുമാണ് വിമാനത്താവള കസ്റ്റംസ് ഹാളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. യാത്രക്കാരുടെ ബാഗിൽ നിന്നും മറ്റും വിലപിടിപ്പുളള വസ്തുക്കൾ നഷ്ടപ്പെടുന്നത് കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ വഴി സാധ്യമാകും. യാത്രക്കാരുടെ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഡോർ ഫ്രൈം മെറ്റൽ ഡിറ്റക്ടറും സ്‌കാനിങ് മെഷിനും അടക്കം സ്ഥാപിച്ചത്.
എന്നാൽ ഇത് കസ്റ്റംസ് എടുത്തു മാറ്റിയതോടെ തിരക്ക് കൂടുകയും യാത്രക്കാർ പുറത്തിറങ്ങാൻ വൈകുകയും ചെയ്യുന്നു. ഇതു സംബന്ധിച്ച് യാത്രക്കാരുടെ പരാതികൾ ലഭ്യമാകുന്നുണ്ടെന്നും അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.
ഇരു വിഭാഗം ഉദ്യോഗസ്ഥരും തമ്മിലുളള പടലപ്പിണക്കം കഴിഞ്ഞ ദിവസം മറനീക്കി പുറത്ത് വരികയും ചെയ്തു.
കസ്റ്റംസിൽ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ വിമാനത്താവള അതോറിറ്റി ഒരുക്കുന്നില്ലെന്ന വാദവുമായാണ് കസ്റ്റംസ് കമീഷണർ സുമിത് കുമാർ പരസ്യമായി രംഗത്തുവന്നത്. എന്നാൽ പൂർണമായും നിഷേധിച്ച് കരിപ്പൂർ എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു തുറന്നടിച്ചതോടെ പ്രശ്‌നം ഉന്നത തലങ്ങളിലെത്തി.
കസ്റ്റംസിന്റെ ആരോപണങ്ങൾക്ക് കൃത്യമായി മറുപടി പറയുന്നതിന് അതോറിറ്റി ചെയർമാനോട് അനുമതി വാങ്ങി വീണ്ടും തുറന്ന് പറച്ചിലന് രംഗത്തു വരാനിരിക്കുകയാണ് എയർപോർട്ട് ഡയറക്ടർ. കസ്റ്റംസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചീഫ് കസ്റ്റംസ് കമ്മീഷണർ പി.എൻ.റാവുവിനെ വിവരം അറിയിച്ചിട്ടുണ്ട്.