ദുബായ്- നൂറ്റാണ്ടിനപ്പുറത്തേക്ക് നീളുന്ന വലിയൊരു യാത്രയുടെ തുടക്കം. പൂര്‍ണമായും തദ്ദേശ നിര്‍മിതമായ യു.എ.ഇയുടെ ഖലീഫ സാറ്റ് ഞായറാഴ്ച രാവിലെ 8.08 ന് ജപ്പാനിലെ യോഷിനോബു സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയരുമ്പോള്‍, ബഹിരാകാശ രംഗത്ത് സ്വന്തം മുദ്ര പതിപ്പിക്കുകയാണ് യു.എ.ഇ.
ഭൂമിയുടെ അതീവ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുത്ത് അയക്കാന്‍ ഖലീഫസാറ്റിന് ശേഷിയുണ്ട്. അത് സാധിച്ചാല്‍ ലോകത്തിന് തന്നെ വലിയൊരു മുതല്‍ക്കൂട്ടായി ഖലീഫ സാറ്റ് മാറും.
യുവത്വം തുടിക്കുന്ന യു.എ.ഇ എന്ന കൊച്ചുരാജ്യത്തിന് അഭിമാന നിമിഷങ്ങളാണ് വരാനിരിക്കുന്നത്. യുവാക്കളായ അവരുടെ എന്‍ജിനീയര്‍മാരാണ് ഈ സ്വപ്ന സാഫല്യത്തിന് പിന്നില്‍.
ഭ്രമണ പഥത്തിലെത്തിയാല്‍, പാന്‍ജിയോ അലയന്‍സ് നിരയിലെ ഏറ്റവും കരുത്തുറ്റ ഉപഗ്രഹമായിരിക്കും ഖലീഫസാറ്റ്. ഭൂമിയുടെ ചിത്രങ്ങളെടുക്കുന്നതിനുള്ള കഴിവിനെ മാനദണ്ഡമാക്കിയാണ് ഇത്തരം ഉപഗ്രഹങ്ങളെ വിഭജിച്ചിരിക്കുന്നത്. യു.എ.ഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അടക്കം ലോകത്തെ ഏഴ് ഉപഗ്രഹ ഓപറേറ്റര്‍മാരുടെ കൂട്ടായ്മയാണ് പാന്‍ ജിയോ അലയന്‍സ്.
12 വര്‍ഷം മുമ്പ് യു.എ.ഇയുടെ ഭരണകര്‍ത്താക്കള്‍ കാണാന്‍ തുടങ്ങിയ സ്വപ്നമാണ് ഇപ്പോള്‍ പൂവണിയുന്നത്. സവിശേഷമായൊരു ദൗത്യമാണിത്. ശാസ്ത്രസാങ്കേതിക വിദ്യയെക്കുറിച്ച് രാജ്യത്തിന്റെ സങ്കല്‍പം തന്നെ അത് മാറ്റിമറിക്കും. ബഹിരാകാശ വ്യവസായത്തില്‍ അത് യു.എ.ഇയുടെ സ്ഥാനമുറപ്പിക്കും- ഖലീഫസാറ്റ് പ്രൊജക്ട് മാനേജര്‍ അംറ് അല്‍ സയേഗ് പറഞ്ഞു.