Sorry, you need to enable JavaScript to visit this website.

സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കാനായിരുന്നു ശ്രമം-മുഖ്യമന്ത്രി

തിരുവനന്തപുരം- സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമണം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കുണ്ടമൺകടവിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യഥാർത്ഥ സ്വാമിമാരെ അക്രമണത്തിലൂടെ തളർത്താനാകില്ല. ഗാന്ധിജിയെ കൊലപ്പെടുത്തിയവർ ഇപ്പോഴും അക്രമണം തുടരുകയാണ്. 
തകർക്കപ്പെട്ട ആശ്രമത്തിന്റെ സ്ഥാനത്ത് കൂടുതൽ പ്രൗഢിയോടെ ആശ്രമം പ്രവർത്തിക്കണമെന്നും ഇതിന് മതനിരപേക്ഷ ശക്തികൾ ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന ആക്രമണം അപലപനീയമാണെന്ന് നേരത്തെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയ്യിലെടുക്കാൻ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുർവ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേർക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News