- അന്വേഷണത്തിന്റെ സുതാര്യതയിൽ വിശ്വാസം -പുട്ടിൻ
റിയാദ് - ജമാൽ ഖശോഗിയുടെ കൊലപാതകത്തിൽ പങ്കുള്ളവർ നടത്തിയ പ്രവൃത്തി സൗദി അറേബ്യ പിന്തുടരുന്ന അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വഌദ്മിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഖശോഗി വധക്കേസ് പ്രതികളുടെ ചെയ്തിയെ നിരാകരിക്കുന്നതായി രാജാവ് വ്യക്തമാക്കിയത്. ഖശോഗി വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പുരോഗതി സൽമാൻ രാജാവ് പുട്ടിനെ അറിയിച്ചു. സംഭവത്തിൽ സൗദി അറേബ്യ സ്വീകരിച്ച നടപടികളെയും യാഥാർഥ്യങ്ങൾ പൂർണമായും കണ്ടെത്താൻ നടത്തുന്ന അന്വേഷണങ്ങളെയും കുറിച്ച് രാജാവ് ബോധ്യപ്പെടുത്തി. നീതി നടപ്പാക്കുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും രാജാവ് പറഞ്ഞു. ഖശോഗി വധത്തിൽ സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികളുടെ ആത്മാർഥതയിലും അന്വേഷണത്തിലെ സുതാര്യതയിലും വിശ്വാസമുണ്ടെന്ന് പുട്ടിൻ പറഞ്ഞു.
ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എന്നിവരെയും സൽമാൻ രാജാവ് കേസന്വേഷണവുമായി ബന്ധപ്പെട്ട പുരോഗതി അറിയിച്ചു. സംഭവത്തിൽ നീതി നടപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം സൽമാൻ രാജാവുമായി ഫോണിൽ ബന്ധപ്പെട്ട് ഖശോഗി കേസന്വേഷണ നടപടികൾ വിശകലനം ചെയ്തിരുന്നു.
അതേസമയം, ഖശോഗി വധക്കേസ് അന്താരാഷ്ട്ര കോടതിക്ക് കൈമാറാൻ തുർക്കി ആഗ്രഹിക്കുന്നില്ലെന്ന് വിദേശ മന്ത്രി മെവ്‌ലുത് ജവശോഗ്‌ലു പറഞ്ഞു. എന്നാൽ സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം നടക്കുന്ന പക്ഷം കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തുർക്കി കൈമാറും. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിയ ചില രാജ്യങ്ങൾക്കും ഏജൻസികൾക്കും തുർക്കി വിവരങ്ങൾ കൈമാറി. അന്താരാഷ്ട്ര അന്വേഷണം ആരംഭിക്കുന്ന പക്ഷം ലഭ്യമായ മുഴുവൻ വിവരങ്ങളും തെളിവുകളും ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കാൻ തുർക്കി പ്രതിജ്ഞാബദ്ധമാണ്.
കൊലക്കേസിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ ആവശ്യമായ എല്ലാ നടപടികളും തുർക്കി സ്വീകരിച്ചിട്ടുണ്ട്. ഖശോഗി വധം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. കൊലപാതകത്തിൽ പങ്കുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യുകയും അവരെ തുർക്കിയിൽ വിചാരണ ചെയ്യുകയും വേണം. ചില ചോദ്യങ്ങൾക്ക് വിശദീകരണം ലഭിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഖശോഗിയുടെ മൃതദേഹം കണ്ടെത്തലാണ്. സൗദി അറേബ്യയുടെ ഭാഗമായ സൗദി കോൺസുലേറ്റിലാണ് കുറ്റകൃത്യം നടന്നതെങ്കിലും തുർക്കി നിയമങ്ങൾക്ക് അനുസൃതമായി കേസിൽ അന്വേഷണം നടത്താൻ വിയന്ന കൺവെൻഷൻ ആവശ്യപ്പെടുന്നതായും തുർക്കി വിദേശ മന്ത്രി പറഞ്ഞു.
അതേസമയം, ജമാൽ ഖശോഗിയുടെ പുത്രൻ സ്വലാഹ് ഖശോഗിയും കുടുംബവും അമേരിക്കയിലേക്ക് യാത്ര തിരിച്ചു. വിദേശയാത്രാ വിലക്ക് എടുത്തുകളഞ്ഞതിനെ തുടർന്നാണ് സ്വലാഹ് ഖശോഗിയും കുടുംബവും സൗദി അറേബ്യ വിട്ടത്. സ്വലാഹ് ഖശോഗിയെ രാജ്യം വിടാൻ അനുവദിച്ചതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നതായി യു.എസ് വിദേശ മന്ത്രാലയ വക്താവ് റോബർട്ട് പലാഡിനൊ പറഞ്ഞു. അടുത്തിടെ നടത്തിയ സൗദി സന്ദർശനത്തിനിടെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സ്വലാഹ് ഖശോഗിയുമായി ചർച്ച നടത്തിയിരുന്നെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.