കാസർകോട്- തച്ചങ്ങാട്ടെ ഫർണിച്ചർ വ്യാപാരിയും ബോവിക്കാനം സ്വദേശിയുമായ ഫൈസലിനെ യുവതിക്കൊപ്പം നിർത്തി നഗ്‌നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വീഡിയോയിൽ അഭിനയിച്ച യുവതി അറസ്റ്റിൽ. നുള്ളിപ്പാടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ കലാമിന്റെ ഭാര്യ നസീമയെ (32) ആണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. കേസിൽ നസീമയുടെ ഭർത്താവ് അബ്ദുൽ കലാമിന് വേണ്ടി അന്വേഷണം ഊർജിതമാക്കി.
പ്രതി കർണാടകയിലുള്ളതായാണ് വിവരം. ഇയാൾക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ നുള്ളിപ്പാടിയിലെ വാടക ക്വാർട്ടേഴ്സിൽ ഫൈസലിനെ നസീമയും ഭർത്താവ് അബ്ദുൽ കലാമും മറ്റു രണ്ടുപേരും ചേർന്ന് നഗ്‌ന വീഡിയോയും ചിത്രവുമെടുത്ത് അക്രമിച്ചുവെന്നാണ് പരാതി. പിന്നീട് ഫോട്ടോയും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 32,000 രൂപയും ഫോണും യുവാവ് വന്ന ഡസ്റ്റർ കാറും സംഘം തട്ടിയെടുത്തിരുന്നു. വൈകിട്ട് 4.30 മണിവരെ ക്വാർട്ടേഴ്സിൽവെച്ച് മർദിച്ചശേഷം യുവാവിനെ ഇന്നോവയിൽ കയറ്റി കർണാടക പുത്തൂറിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ചും പണം ആവശ്യപ്പെട്ട് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവിൽ 10 ലക്ഷം രൂപയ്ക്ക് പ്രശ്നം തീർക്കാമെന്ന് അറിയിക്കുകയായിരുന്നു.
യുവാവിന്റെ ഡസ്റ്റർ കാർ എഗ്രിമെന്റ് പ്രകാരം എഴുതിക്കൊടുക്കുകയും മൂന്ന് ലക്ഷം രൂപ വീട്ടുകാരെ ബന്ധപ്പെട്ട് നൽകണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാർ മൂന്ന് ലക്ഷം രൂപ നൽകാൻ തയാറാവുകയും പോലീസിൽ വിവരം നൽകുകയും ചെയ്തു. ഫൈസലിന്റെ ഭാര്യാപിതാവിൽനിന്നു പണം വാങ്ങാനായി നസീമയും മാതാവും ഒരു ഓട്ടോറിക്ഷയിൽ കാസർകോട് മിലൻ തീയേറ്ററിന് സമീപം എത്തിയപ്പോൾ പോലീസ് ഇവരെ തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന അബ്ദുൽ കലാമും സംഘവും ഇതിനിടയിൽ യുവാവിനെ കാസർകോട് സർക്കിളിൽ ഇറക്കിവിടുകയും ഭാര്യയേയും മാതാവിനേയും പോലീസിൽനിന്ന് പുറത്തിറക്കിയില്ലെങ്കിൽ കൈവശമുള്ള വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ അബ്ദുൽ കലാമിനെ പിന്തുടർന്ന പോലീസ് കറന്തക്കാട് വെച്ച് പിന്തുടർന്ന് കാർ പിടികൂടിയെങ്കിലും കലാം ഓടി രക്ഷപ്പെടുകയായിരുന്നു.