അബുദാബി- നിര്‍മിത ബുദ്ധി അടക്കം സാങ്കേതിക രംഗത്തുണ്ടായ കുതിച്ചുചാട്ടം മൂലം പത്തു വര്‍ഷത്തിനകം 40 ശതമാനം തൊഴിലുകളും ഇല്ലാതാവുമെന്ന് എച്ച്.ആര്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക മാന്ദ്യവും ഇതിന് ആക്കം കൂട്ടും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം തൊഴില്‍ ശക്തിയുടെ വിനിയോഗത്തിലും അതീവ ശ്രദ്ധ ചെലുത്തണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അബുദാബിയില്‍ നടന്ന ആറാമത് സര്‍ക്കാര്‍ എച്ച്.ആര്‍ ഉച്ചകോടിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഈയൊരവസ്ഥ ഏതാനും വര്‍ഷം തുടരുമെന്നും വിപണിയിലെ പുതിയ തൊഴിലിന് ആവശ്യമായ വൈദഗ്ധ്യം നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡവലപ്‌മെന്‍റ് അതോറിറ്റിയിലെ നാഷണഷല്‍ വര്‍ക്ക്‌ഫോഴ്‌സ് ഡവലപ്‌മെന്‍റ് ചെയര്‍മാന്‍ ഈസ അല്‍ മുല്ല പറഞ്ഞു. അതുകൊണ്ടുതന്നെ പത്തു വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. നിലവിലുള്ള പാഠ്യപദ്ധതിയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
ഭാവിയിലെ തൊഴില്‍ വിപണി മുന്നില്‍ കണ്ട് അതിന് അനുയോജ്യമാകുംവിധത്തിലുള്ള പാഠ്യ, പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടത്. പാഠ്യപദ്ധതിയില്‍ മാത്രമല്ല ജനങ്ങളുടെ ചിന്തയിലും കുടുംബത്തിന്റെ ഇടപെടലിലും മാറ്റമുണ്ടാകണം. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതു പരിഹരിക്കാന്‍ പദ്ധതി ആവിഷ്കരിക്കണമെന്നും പറഞ്ഞു. 2016ല്‍ 2.9 ശതമാനമായിരുന്നു സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയെങ്കില്‍ 2017ല്‍ അത് 3.4 ശതമാനമായി വര്‍ധിച്ചു. വരുംവര്‍ഷങ്ങളില്‍ ഇത് രൂക്ഷമാകാനാണ് സാധ്യതയെന്നും പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ ശരാശരി 75 ശതമാനം പേരും വിദേശ തൊഴിലാളികളാണ്. യു.എ.ഇയില്‍ ഇത് ഒരുപടികൂടി കടന്ന് 91 ശതമാനം തൊഴിലാളികളും വിദേശികളാണ്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ സാന്നിധ്യം വര്‍ഷംതോറും കുറഞ്ഞുവരികയാണെന്നും ചൂണ്ടിക്കാട്ടി. നിലവില്‍ എട്ടിനും ഒന്‍പതിനുമിടയിലാണെങ്കില്‍ 2020 ഓടെ അത് ആറു ശതമാനമായും 2030ഓടെ മൂന്നു ശതമാനമായും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. ഇക്കാര്യം ഗൗരവമായെടുത്ത് മതിയായ പദ്ധതി ആവിഷ്കരിക്കണമെന്നും അല്‍മുല്ല ഓര്‍മിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്കാഡമിക് അക്രഡിറ്റേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് യൂസഫ് ബനിയാസ്, കുവൈത്തിലെ ആസൂത്രണ, വികസന വിഭാഗം സുപ്രീം കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഖാലിദ് എ മഹ്ദി ഉള്‍പെടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.