Sorry, you need to enable JavaScript to visit this website.

ഗായകനെ പരസ്യമായി വാരിപ്പുണർന്ന് ചുംബിച്ച യുവതിക്ക് ഒരു വർഷം തടവ്‌ (video)

മക്ക- സംഗീത പരിപാടിക്കിടെ സ്റ്റേജിൽ ഓടിക്കയറി ഗായകനെ ആശ്ലേഷിച്ച് തുരുതുരാ ചുംബിച്ച സൗദി യുവതിയെ മക്ക ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. നാലു മാസം മുമ്പ് തായിഫിൽ നടന്ന സൂഖ് ഉക്കാദ് മേളക്കിടെയാണ് സംഭവം. 
മേളയുടെ ഭാഗമായി അരങ്ങേറിയ സംഗീത വിരുന്നിനിടെ പ്രശസ്ത ഗായകൻ മാജിദ് അൽമുഹന്ദിസിനെയാണ് യുവതി വാരിപ്പുണർന്ന് ചുംബിച്ചത്. സംഗീത പരിപാടിക്കിടെ അപ്രതീക്ഷിതമായി സ്റ്റേജിൽ ഓടിക്കയറിയ യുവതി എല്ലാവരെയും അമ്പരപ്പിച്ച് ഗായകനെ വാരിപ്പുണർന്ന് ചുംബിക്കുകയായിരുന്നു. ഈ സമയത്ത് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഗായകൻ സ്തബ്ധനായി നിന്നു. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടാണ് യുവതിയെ പിന്നീട് പിടിച്ചു മാറ്റിയത്. ഇതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ യുവതി സ്റ്റേജിൽ നിന്ന് ഇറങ്ങി തന്റെ ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്നു. 

 


സംഭവം വിവാദമായതോടെ യുവതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യുകയായിരുന്നു. തായിഫിലെ വനിതാ അഭയ കേന്ദ്രത്തിലാണ് യുവതിയെ കസ്റ്റഡിയിൽ വെച്ചിരുന്നത്. ജൂലൈ 13 ന് വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. അന്വേഷണത്തിനിടെ യുവതി കുറ്റസമ്മതം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷൻ മക്ക ക്രിമിനൽ കോടതിക്ക് സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിയെ ഒരു വർഷം തടവിന് ശിക്ഷിച്ചു. എന്നാൽ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. നാലു മാസത്തോളം യുവതി വിചാരണ തടവുകാരിയായി കഴിഞ്ഞത് ശിക്ഷയായി പരിഗണിക്കുന്നതിന് കോടതി ഉത്തരവിട്ടു.

Latest News