അസീർ - സർവാത്ത് മലകൾ താണ്ടി വരുന്ന മേഘമേലാപ്പിന് കീഴിൽ നേരമെത്തും മുമ്പേ പടരുന്ന ഇരുട്ട്. സായാഹ്ന മഴയിൽ കുതിർന്ന് കുളിരണിഞ്ഞ തെരുവുകൾ. കോടക്കാറ്റിൽ കാഴ്ചകൾ മറയുന്ന ബൽ അഹ്മർ, അബഹ ദബബ്, സാറാത്തുൽ അബീദാ നിരത്തുകൾ. റിജാൽ അൽമാ ചുരത്തിൽ ശീതക്കാറ്റിനൊപ്പം പെയ്തു വീഴുന്ന ആലിപ്പഴങ്ങൾ. മഞ്ഞിൽ മുഖം പൂഴ്ത്തി അൽ സൂദാ മലകൾ. സൗദിയുടെ വിനോദ സഞ്ചാര തലസ്ഥാനത്ത് ശൈത്യ കാലത്തിന്റെ വരവറിയിച്ച് പ്രകൃതിയുടെ ഉത്സവ ഘോഷങ്ങൾ അരങ്ങു തകർക്കുന്നു.
അബഹയിലും പരിസര പട്ടണങ്ങളിലും നാല് ദിവസമായി പെയ്ത മഴയിൽ അസീറിലെ ഇരട്ട നഗരങ്ങളായ അബഹയും ഖമീസ് മുഷെയ്ത്തും സമീപ പട്ടണങ്ങളും കുളിരണിഞ്ഞു. നാട്ടിലെ തുലാവർഷത്തെ ഓർമിപ്പിക്കും വിധം വൈകുന്നേരങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയെത്തിയത്. നമാസ്, ബൽ അസ്മർ, ശഅബൈൻ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയും മഞ്ഞു വീഴ്ചയുമുണ്ടായി.
ഒക്ടോബർ ആദ്യ വാരത്തിൽ 28 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പകൽ സമയ അന്തരീക്ഷ ഊഷ്മാവ് ഇപ്പോൾ ഇരുപതിലാണ്. പത്ത് ഡിഗ്രിയാണ് രാത്രിയിലെ താപനില. നവംബർ രണ്ടാം വാരം വരെ ഇടവിട്ട മഴയുണ്ടാവുമെന്നും കുറഞ്ഞ താപനില ഏഴ് ഡിഗ്രിയിൽ എത്തുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിക്കുന്നത്. കഴിഞ്ഞ വർഷം ഈ സമയത്ത് രേഖപ്പെടുത്തിയതിനേക്കാൾ നാല് ഡിഗ്രി കുറവാണ് ഇപ്പോഴത്തെ പകൽസമയ താപനില. ഡിസംബർ, ജനുവരി മാസങ്ങളിലെ അതിശൈത്യം ഇക്കുറി കടക്കുമെന്നാണ് കരുതപ്പെടുന്നത്.
അബഹ-ഖമീസ് റോഡിൽ നിർമാണത്തിലുള്ള തഹലിയ ഫ്‌ളൈ ഓവർ കൂടി ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ മഴ പെയ്താൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെടാറുള്ള അബഹ റോഡിലെ ഗതാഗതം ഏറെക്കുറെ സുഗമമായി. ബലദിയ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഹമ്പുകൾ മദീന അസ്‌കരി റോഡിൽ ഏറെ നേരം വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടാക്കിയിരുന്നു. ഏറെ താമസിയാതെ ഹമ്പുകൾ പൊളിച്ചു നീക്കി അധികൃതർ പ്രശ്‌നം പരിഹരിച്ചു. സിവിൽ ഡിഫൻസ്, പോലീസ്, മുനിസിപ്പാലിറ്റി, ട്രാഫിക് തുടങ്ങി സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലുകൾ ദുരിത ബാധിത പ്രദേശങ്ങളിൽ എല്ലാം ലഭ്യമാവുന്നുണ്ട്.
പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് കാലത്ത് തുടർച്ചയായി പെയ്യുന്ന മഴ വിള നാശത്തിനും വിപണി മാന്ദ്യത്തിനും കാരണമാകുമെന്നാണ് കാർഷിക രംഗത്തുള്ളവർ വിലയിരുത്തുന്നത്. അതേസമയം മൂന്ന് മാസത്തെ ഇടവേളകളിൽ മാറിമാറി കൃഷിയിറക്കുന്ന പച്ചക്കറി, ഇലവർഗ കൃഷികൾക്ക് ഇടവിട്ട് പെയ്യുന്ന മഴ ഏറെ ഗുണകരമാണ്. തണ്ണിമത്തൻ, റുമാൻ എന്നിവയുടെ സീസൺ അവസാനിച്ചെങ്കിലും ചില കൃഷിയിടങ്ങളിൽ ഇപ്പോഴും വിളവെടുപ്പ് തുടരുന്നു. വാഴ, മുന്തിരി, അത്തിപ്പഴം, പേരക്ക, തക്കാളി, വഴുതന, മുള്ളങ്കി, കക്കരി, ഇലവർഗങ്ങൾ മുതൽ മലയാളിയുടെ കറിവേപ്പില വരെ അസീറിലെ കാർഷിക വിളകളാണ്.