കോഴിക്കോട്- കരിപ്പൂരില്‍ നിന്ന്് ജിദ്ദ, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിയേക്കും. 2015ല്‍ കരിപ്പൂരില്‍ നിന്ന് പിന്‍വലിച്ച ഈ സര്‍വീസുകള്‍ താല്‍ക്കാലികമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നത്. ഇത് അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകും. കരിപ്പൂരിലേക്ക് സര്‍വീസുകള്‍ തിരിച്ചുകൊണ്ടുവരാന്‍ അവസരം ലഭിച്ചതിനൊപ്പം തിരുവനന്തപുരത്തെ സര്‍വീസ് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയം കാണാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കം. രണ്ടിടത്തും സര്‍വീസിന് സൗദിയ അധികൃതര്‍ സജീവമായി ശ്രമം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് അനുമതി ലഭിച്ച സര്‍വീസ് വൈകുന്നത്.
സൗദിയയുടെ ആവശ്യം സംബന്ധിച്ച് അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്. തീരുമാനം പ്രതികൂലമായാല്‍ തിരുവനന്തപുരം സര്‍വീസ് അവസാനിപ്പിച്ച് കരിപ്പൂരിലേക്ക് മാറ്റും. മറിച്ചാണെങ്കില്‍ കൊച്ചിയില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റും. തിരുവനന്തപുരം സര്‍വീസ് നിലനിര്‍ത്താനുള്ള സൗദിയയുടെ ആവശ്യത്തോട് വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇത് പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചേക്കുമെന്നതിനാലാണ് ഫയലില്‍ മന്ത്രി ഒപ്പുവയ്ക്കാത്തതെന്നും ദല്‍ഹിയിലെ ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിഞ്ഞതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ പറഞ്ഞു. കരിപ്പൂരില്‍ നിന്ന് ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദിയ അധികൃതര്‍ ഉറപ്പു നല്‍കിയതായി ജിദ്ദയില്‍ സൗദിയയുടെ സീനിയര്‍ വൈസ്പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ജെ.എന്‍.എച് മുഹമ്മദലി പറഞ്ഞിരുന്നു. -മലയാളം ന്യൂസ് ആപ് പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്