Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ ആയുധ ഇടപാടും  അമേരിക്കയും

 ശീതയുദ്ധ കാലത്ത് സൈന്യത്തെ ആയുധവൽക്കരിക്കുന്നതിന് റഷ്യയെയാണ് ഇന്ത്യ പൂർണമായും അവലംബിച്ചിരുന്നത്. എൺപതുകളിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇരു രാജ്യങ്ങളും സ്ട്രാറ്റജിക്കൽ പാർട്ണർഷിപ്പ് കരാർ ഒപ്പുവെച്ചതിനു ശേഷം ആയുധങ്ങൾക്ക് ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് ശ്രദ്ധേയമായ നിലക്ക് വർധിച്ചു. എന്നാൽ സോവിയറ്റ് യൂനിയന്റെ പതനത്തിനും ലോകത്തെ ഏകധ്രുവം എന്ന നിലക്ക് അമേരിക്ക പ്രത്യക്ഷപ്പെട്ടതിനും സോഷ്യലിസ്റ്റ് സമീപനത്തിനു പകരം വിപണി നയം ഇന്ത്യ പിന്തുടർന്നതിനും പിന്നാലെ അമേരിക്കയോടും പാശ്ചാത്യ രാജ്യങ്ങളോടും മുമ്പില്ലാത്ത വിധം കൂടുതൽ തുറന്ന നിലപാട് ഇന്ത്യ സ്വീകരിക്കാൻ തുടങ്ങി. 
ഇതോടൊപ്പം ഇന്ത്യയുടെ ആയുധ ഇറക്കുമതിയിലും സന്തുലനമുണ്ടായി. യുദ്ധ സാമഗ്രി ഇറക്കുമതിയുടെ ഒരു ഭാഗം അമേരിക്കയിലേക്കും ഫ്രാൻസിലേക്കും ഇസ്രായിലിലേക്കും ഇന്ത്യ തിരിച്ചുവിട്ടു. എന്നാൽ ആയുധങ്ങൾക്കുള്ള പ്രധാന ഉറവിടം എന്നോണം റഷ്യയെ അവലംബിക്കുന്ന പതിവിൽ ഇത് കാര്യമായി മാറ്റമുണ്ടാക്കിയില്ല എന്നത് നേരാണ്. തുടക്കം മുതൽ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ സോവിയറ്റ് യൂനിയനിൽ നിന്നാണ് പതിവായി ലഭ്യമാക്കിയിരുന്നത് എന്നതും ഇതിന് ഒരു കാരണമാണ്. പത്തു വർഷം നീളുന്ന ആയുധ കരാർ രണ്ടായിരമാണ്ടിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത് ഇതിന് തെളിവാണ്. ബാലിസ്റ്റിക് മിസൈലുകളും ആണവ മുങ്ങിക്കപ്പലുകളും അടക്കം 1600 കോടി ഡോളറിന്റെ ആയുധങ്ങൾ ഇന്ത്യക്ക് വിൽക്കുന്നതിനുള്ള കരാറായിരുന്നു ഇത്. 2015 ൽ റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ മോസ്‌കോയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ പതിനാറു കരാറുകൾ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകളുടെ നിർമാണം, കാമോവ് -226 ഇനത്തിൽ പെട്ട റഷ്യൻ ഹെലികോപ്റ്ററുകളുടെ നിർമാണം, ഇന്ത്യയിൽ ആറു ആണവ നിലയങ്ങളുടെ നിർമാണം എന്നിവയായിരുന്നു ഇതിൽ പ്രധാനം. 
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനി വഴി യുദ്ധ സാമഗ്രികളുടെ നിർമാണത്തിൽ നവീന സാങ്കേതിക പുരോഗതി കൈവരിച്ച പശ്ചാത്തലത്തിൽ അടുത്ത കാലത്ത് റഷ്യയുമായി ഒപ്പുവെച്ച ആയുധ കരാറുകളിൽ ആയുധങ്ങൾ ഇന്ത്യയിൽ വെച്ച് സംയുക്തമായി നിർമിക്കണമെന്ന വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയത് മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക വ്യത്യാസം. പ്രത്യേക ലൈസൻസിന്റെ അടിസ്ഥാനത്തിൽ റഷ്യയുടെ സുഖോയ് യുദ്ധ വിമാനങ്ങളുടെ അഞ്ചാം നിര നിർമിക്കുന്നതിനുള്ള ചുമതല ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനിയെ ഏൽപിച്ചിട്ടുണ്ട്. 2014 ൽ മോഡി അധികാരത്തിലേറിയ ശേഷം അംഗീകരിച്ച മെയ്ക് ഇന്ത്യൻ പദ്ധതിയുടെ ഭാഗമാണ് റഷ്യൻ സൈനിക വ്യവസായത്തിന്റെ സ്വദേശിവൽക്കരണത്തിന് ഊന്നൽ നൽകാൻ തുടങ്ങിയത്. വ്യവസായ വളർച്ചയിലൂടെയും ഇറക്കുമതി കുറച്ചും വികസിത രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധി നരേന്ദ്ര മോഡി ഏറ്റെടുത്തത്. 
വിമാന വാഹിനി കപ്പലായ അഡ്മിറൽ ഗോർഷ്‌കോവ് നിശ്ചിത സമയത്തിനകം കൈമാറുന്നതിൽ റഷ്യ പരാജയപ്പെട്ടതിൽ ഇന്ത്യ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിശ്ചിത സമയത്ത് റഷ്യ വിമാന വാഹിനി കപ്പൽ കൈമാറാത്തതു മൂലം നേരത്തെ നിശ്ചയിച്ച വിലയായ 94.7 കോടി ഡോളറിനു പകരം 220 കോടി ഡോളർ ഇന്ത്യ നൽകേണ്ട സാഹചര്യം ഉടലെടുത്തു. പാക്കിസ്ഥാന് ആക്രമണ ഹെലികോപ്റ്ററുകളും യുദ്ധ വിമാന എൻജിനുകളും നൽകുന്നതിന് അടുത്തിടെ റഷ്യ തീരുമാനിച്ചതിലും ഇന്ത്യ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും മാത്രമാണ് ഇന്ത്യ, റഷ്യ സൈനിക സഹകരണത്തിന്റെ സുദീർഘമായ ചരിത്രത്തിൽ ഇന്ത്യക്ക് അസംതൃപ്തിയും പ്രതിഷേധവുമുണ്ടാക്കിയത്. 
ഏറ്റവും ഒടുവിൽ നടത്തിയ ന്യൂദൽഹി സന്ദർശനത്തിടെ പുട്ടിൻ 540 കോടി ഡോളറിന്റെ ആയുധ കരാർ ഒപ്പുവെച്ചു. റഷ്യയുടെ ഏക നേതാവായി രംഗപ്രവേശം ചെയ്തതു മുതൽ പുട്ടിൻ പല തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. പുതിയ കരാർ പ്രകാരം യുദ്ധഭൂമിയിൽ ഇതുവരെ യഥാർഥത്തിൽ പരീക്ഷിച്ചു നോക്കാത്ത, അത്യാധുനിക എസ്-400 മിസൈൽ പ്രതിരോധ സംവിധാനം റഷ്യ ഇന്ത്യക്ക് കൈമാറും. തുർക്കിയും ചൈനയും കസാക്കിസ്ഥാനും അർമീനിയയും ബെലാറസും അടക്കം നിരവധി രാജ്യങ്ങൾ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന് റഷ്യയെ സമീപിച്ചിട്ടുണ്ട്. 
സൗദി അറേബ്യയും ബഹ്‌റൈനും ഇറാഖും മൊറോക്കോയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങളും എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എസ്-400 മിസൈൽ പ്രതിരോധ സംവിധാന ഇടപാടിൽ ഇന്ത്യയുടെ എതിരാളികളായ പാക്കിസ്ഥാനും ചൈനയും പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെയും ചൈനയുടെയും പ്രതിഷേധം പ്രതീക്ഷിച്ചതാണ്. ഇത് ഇന്ത്യയും റഷ്യയും കാര്യമാക്കുന്നുമില്ല. എന്നാൽ ഈ ഇടപാടിൽ അമേരിക്ക പ്രതിഷേധം പ്രകടിപ്പിച്ചതും വിമർശിച്ചതും പ്രശ്‌നമാണ്. ആയുധ വിൽപനക്കാരായ റഷ്യ അമേരിക്കയുടെ പ്രതിഷേധം മുഖവിലക്കെടുക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ സ്ഥിതി അതല്ല. തന്ത്രപ്രധാന പങ്കാളിയായി ഇന്ത്യ കാണുന്ന അമേരിക്കയുടെ പ്രതിഷേധം ഇന്ത്യക്ക് അവഗണിക്കാൻ കഴിയില്ല. ചിലയിനം അത്യാധുനിക ആയുധങ്ങൾ അമേരിക്ക ഇന്ത്യക്ക് നൽകുന്നുമുണ്ട്. 
ഉക്രൈനിലും സിറിയയിലും ഏറ്റവും ഒടുവിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ ബാധകമാക്കിയിട്ടുണ്ട്. റഷ്യയുടെ ചാരവൃത്തികളും ബ്രിട്ടനിൽ വെച്ച് റഷ്യൻ പൗരനെ വധിച്ചതും റഷ്യക്കെതിരായ നീക്കങ്ങൾക്ക് പ്രേരകമാണ്. ഈ പശ്ചാത്തലത്തിൽ റഷ്യൻ കമ്പനികളുമായി ആയുധ ഇടപാടുകൾ നടത്തുന്ന ഏതു രാജ്യത്തിനും കമ്പനിക്കുമെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ബാധകമാക്കിയേക്കുമെന്ന കാര്യം തീർത്തും അവഗണിച്ച് ഇന്ത്യ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിൽ ചേരുന്നത് അമേരിക്കക്കും പശ്ചാത്യ രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്നു. 
ഈ വർഷാദ്യം റഷ്യയിൽ നിന്ന് സൈനിക സാങ്കേതിക വിദ്യ വാങ്ങിയ കാരണത്താൽ ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ബാധകമാക്കിയിരുന്നു. എന്നാൽ അമേരിക്കയെ സംബന്ധിച്ചേടത്തോളം ചൈനയും ഇന്ത്യയും ഒരേപോെലയല്ല. തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ഏഷ്യയിൽ ചൈനീസ് അധീശത്വ, വിപുലീകരണ പദ്ധതികൾക്ക് തടയിടുന്നതിന് ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും തന്ത്രപരമായ പദ്ധതികൾക്ക് ഇന്ത്യക്ക് അമേരിക്കയെ ആവശ്യമാണ്. ആയുധ വിപണിയെന്നോണം ഇന്ത്യയെ അമേരിക്കക്കും ആവശ്യമാണ്. 2008 മുതൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ആയുധ ഇടപാടുകൾ പൂജ്യത്തിൽ നിന്ന് 1500 കോടി ഡോളറിലെത്തിയിട്ടുണ്ട്. റഷ്യയുമായുള്ള ആയുധ ഇടപാടുകൾ അനിവാര്യമാണെന്നും അമേരിക്കൻ ഉപരോധ സാധ്യത റഷ്യയുമായുള്ള ആയുധ ഇടപാടിൽ നിന്ന് തങ്ങളെ തടയില്ലെന്നും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അർഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപരോധങ്ങൾ അമേരിക്കയുടേതാണ്. ഇത് രക്ഷാ സമിതി പ്രഖ്യാപിച്ച യു.എൻ തീരുമാനമല്ലെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. റഷ്യയുമായുള്ള ബന്ധത്തിനാണ് ഇന്ത്യ ഇപ്പോൾ ഊന്നൽ നൽകുന്നത് എന്ന് പറഞ്ഞ് പ്രതിരോധ മന്ത്രിയുടെ നിലപാടിനെ പ്രധാനമന്ത്രി പിന്തുണക്കുകയും ചെയ്തു. 
അമേരിക്കക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മുൻകൂട്ടി അറിയുന്നതിനാലാണ് അമേരിക്കൻ സാമ്പത്തിക ഉപരോധ സാധ്യതയെ ഇന്ത്യ വെല്ലുവിളിക്കുന്നതെന്ന് നിരീക്ഷകർ ഒന്നടങ്കം പറയുന്നു. സാമ്പത്തിക ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയോ ഇന്ത്യയോട് ലഘുസമീപനം സ്വീകരിച്ചോ ഈ പ്രശ്‌നത്തിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനുള്ള വഴി അമേരിക്ക തന്നെ കണ്ടെത്തുമെന്നും ഇന്ത്യ കരുതുന്നു. കാരണം അമേരിക്കയുടെ കണക്കുകൂട്ടലിൽ ഇന്ത്യ പാക്കിസ്ഥാനോ ചൈനയോ അല്ല.  
 

Latest News