Sorry, you need to enable JavaScript to visit this website.

ജോര്‍ദാനില്‍ മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട സ്‌കൂള്‍ ബസിലെ കുട്ടികള്‍ ഉള്‍പ്പെടെ 18 മരണം- Video

അമ്മാന്‍- ജോര്‍ദാനിയെ ചാവുകടല്‍ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിലും മിന്നല്‍ പ്രളയത്തിലും അകപ്പെട്ട് 18 പേര്‍ മരിച്ചു. ശക്തമായ പ്രളയത്തില്‍ ഒഴുകിപ്പോയ സ്‌കൂള്‍ ബസിലെ കുട്ടികളും അധ്യാപകരുമാണ് മരിച്ചവരില്‍ ഏറെയും. സ്‌കൂളില്‍ നിന്ന് വിനോദയാത്ര പുറപ്പെട്ടതായിരുന്നു സംഘം. 37 കുട്ടികളും ഏഴ് അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ചിലരെ കാണാതായിട്ടുണ്ട്. മരിച്ച കുട്ടികളില്‍ ഏറെയും 14 വയസ്സിനു താഴെ പ്രായമുള്ളവരാണ്. പത്തു കുട്ടികളേയും ഒരു അധ്യാപകനേയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹെലികോപ്റ്ററുകളും മുങ്ങല്‍ വിദഗ്ധരും ബോട്ടുകളും സര്‍വ സന്നാഹങ്ങളുമായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 34 പേരെ രക്ഷിച്ചു. വിനോദ സഞ്ചാര മേഖലയായ ദുരിത ബാധിത പ്രദേശത്ത് മരിച്ചവരില്‍ ബാക്കിയുള്ളവര്‍ ഇവിടെ വിനോദ സന്ദര്‍ശനത്തിനെത്തിയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. റോഡിനു കുറുകെ ഉണ്ടായ ഉരുള്‍പ്പൊട്ടലിലാണ് ബസ് ഒലിച്ചു പോയത്.

പ്രധാനമന്ത്രി ഉമര്‍ റസാസ് ദുരന്തസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം വിലയിരുത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മരണം സംഖ്യ ഉയരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദുരന്തത്തെ തുടര്‍ന്ന ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബഹ്‌റൈന്‍ സന്ദര്‍ശനം റദ്ദാക്കി. അപകടത്തില്‍പ്പെട്ട കുട്ടികളെ വിനോദ യാത്രയ്ക്ക് കൊണ്ടു പോയ സ്‌കൂള്‍ അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ ലംഘിച്ചെന്ന് മാധ്യമ കാര്യ സഹമന്ത്രി ജുമാന ഗുനയ്മത്ത് പറഞ്ഞു. അമ്മാനിലെ വിക്ടോറിയ കോളെജ് സ്‌കൂളിന് അല്‍ അസര്‍ഖ് വിനോദ കേന്ദ്രത്തിലേക്ക് പോകാനാണ് അനുമതി നല്‍കിയിരുന്നതെന്നും മന്ത്രി പറഞ്ഞു. അതിനിടെ അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരത്തെത്തി പ്രതിഷേധിച്ചു. ദുരന്തത്തിന് ഉത്തരവാദികള്‍ സ്‌കൂളാണെന്നും നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ഭൂമിയിലെ ഏറ്റവും താഴ്ചയുള്ള ഉപരിതലമാണ് ചാവുകടല്‍ പ്രദേശം. കുത്തനെയുള്ള കുന്നുകളാലും മലകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് ഉരുള്‍പ്പൊട്ടലും മിന്നല്‍ പ്രളയവും ഇടക്കിടെ ഉണ്ടാകാറുണ്ട്. ദുരന്തത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അബ്ദുല്ല രാജാവിനെ ദുഖം അറിയിച്ചു. 
 

Latest News