Sorry, you need to enable JavaScript to visit this website.

ശബരിമല: വിധി നടപ്പാക്കും; വിട്ടുവീഴ്ചയില്ല -മുഖ്യമന്ത്രി

കോട്ടയം -  ശബരിമല കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  വർഗീയ കലാപം സൃഷ്ടിച്ച് ചേരിതിരിവുണ്ടാക്കുക എന്ന ആർ.എസ്.എസ് നിലപാട് തന്നെയാണ് ശബരിമല വിഷയത്തിലും ഉണ്ടായിരിക്കുന്നത്. ബി.ജെ.പിയിലേക്ക് ആളുകളെ എത്തിച്ചുകൊടുക്കുന്ന കോൺഗ്രസ് കേരളത്തിൽ ബി.ജെ.പിയെ ഇടത്താവളമായി കാണുകയാണ്. പ്രഖ്യാപനങ്ങൾ കണ്ട് വിളറിപ്പോകുന്ന സർക്കാരല്ല സംസ്ഥാനം ഭരിക്കുന്നതെന്നും കോട്ടയം നാഗമ്പടം മൈതാനത്തു എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
എൻ.എസ്.എസ് ആസ്ഥാനം ഉൾപ്പെടുന്ന കോട്ടയത്തെ വിശദീകരണ യോഗത്തിൽ പ്രത്യക്ഷമായി എൻ.എസ്.എസിനെ രൂക്ഷമായി വിമർശിക്കുന്നത് ഒഴിവാക്കിയത് ശ്രദ്ധേയമായി. നായർ സംബന്ധം സംബന്ധിച്ച ചില പരാമർശങ്ങൾ തൊടുത്തുവിട്ടുവെങ്കിലും അത് വിവാദമാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചായിരുന്നു പ്രസംഗം. 
സാമൂഹ്യ പരിഷ്‌കരണങ്ങൾക്കെതിരെ എല്ലാ കാലത്തും യാഥാസ്ഥിതിക വാദികൾ പ്രക്ഷോഭം ഉയർത്തിയിട്ടുണ്ടെന്ന് പറഞ്ഞ പിണറായി പ്രതിഷേധം കണ്ട് നിലപാടുകൾ തിരുത്തിയിരുന്നെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാവുമായിരുന്നോ എന്നും ചോദിച്ചു. ആർ.എസ്.എസും ബി.ജെ.പിയും കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കി ആളുകളെ ഒപ്പം ചേർക്കാനാണ് ആർ.എസ്.എസ് നീക്കം. ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശത്തേക്കാൾ വലുത് വിശ്വാസമാണെന്നാണ് ആർ.എസ്.എസ് പറയുന്നത്. എന്നാൽ മതനിരപേക്ഷത എന്നും സംരക്ഷിച്ചു പോരുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീസമത്വത്തിൽ വിശ്വസിക്കുന്ന സി.പി.എം സുപ്രീം കോടതി വിധി നടപ്പാക്കും. ആളുകളെ തെറ്റിദ്ധരിപ്പിച്ച് തങ്ങൾക്കൊപ്പം നിർത്തി മുന്നേറ്റം ഉണ്ടാക്കാമെന്ന വ്യാമോഹമാണ് ഇവർക്കുളളത്. യാഥാസ്ഥിതികരോടപ്പമല്ല കേരളം. ബ്രാഹ്മണ സമൂഹത്തിലെ ശൈശവ വിവാഹവും സംബന്ധത്തിലെ കുട്ടിക്ക് പിതാവിനെ തൊടാൻ അനുവദിക്കാത്തതും മാറിയില്ലായിരുന്നുവെങ്കിൽ ഇന്ന് നാം കാണുന്ന കേരളം ഉണ്ടാകുമായിരുന്നോ എന്ന്് മുഖ്യമന്ത്രി ചോദിച്ചു. 
 കോടതിയിൽ കേസ് നടക്കുമ്പോൾ കോടതിക്ക് പുറത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരാണ് ബി.ജെ.പിയും കോൺഗ്രസും. ചരിത്ര വിധിയെന്ന് ഇവരുടെ നേതാക്കൾ പലരും വിധിയെ വിശേഷിപ്പിച്ചു. എന്നാൽ പിന്നീട് നിലപാട് മാറ്റി. ബി.ജെ.പിയിലേക്ക് ആളുകളെ തള്ളി വിടുകയാണ് കോൺഗ്രസ്. 
ഇത്ര ക്രൂരമായി സംസ്ഥാനത്ത് മുമ്പൊരിക്കലും മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടിട്ടില്ല. പരിശീലനം ലഭിച്ച ഒരു സംഘം ക്രിമിനലുകളാണ് ആക്രമണം നടത്തിയതും സന്നിധാനത്ത് തമ്പടിച്ചതും. ചോര വീഴ്ത്തിയും നടയടപ്പിക്കാൻ തയ്യാറായി സംഘം സന്നിധാനത്തുണ്ടായിരുന്നുവെന്ന സമര നേതാവിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നിട്ടുണ്ട്. ആർക്കെതിരെയാണ് സമരമെന്നും പിണറായി ചോദിച്ചു. പ്രതിഷേധിക്കാനുള്ള ആരുടെയും സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. എന്നാൽ വിശ്വാസികളെ തടഞ്ഞപ്പോഴാണ് പോലീസ് ഇടപെട്ടതെന്നും പിണറായി പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.
 

Latest News