Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒഴുക്കില്‍പെട്ട് മൂന്ന് മരണം

ഹായില്‍ അല്‍ശംലിയിലെ വാദി ഇസ് ബതറില്‍ സിവില്‍ ഡിഫന്‍സിന്റെ രക്ഷാപ്രവര്‍ത്തനം.

അല്‍ബാഹ - സൗദി അറേബ്യയിലെ അല്‍ബാഹ, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ ഒഴുക്കില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. അല്‍ബാഹ പ്രവിശ്യയിലെ അല്‍ഹജ്‌റയില്‍ അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ സൗദി ബാലനാണ് മരിച്ചത്. 12 വയസ്സായിരുന്നു.
പടിഞ്ഞാറന്‍ ഹായിലില്‍ അല്‍ശംലിയില്‍ സൗദി യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു. ഹായിലില്‍ നിന്ന് 180 കിലോമീറ്റര്‍ ദൂരെ അല്‍ശംലിയിലെ വാദി ഇസ്ബതറിലാണ് സൗദി യുവാവ് ശായിം അല്‍അനസി ഒഴുക്കില്‍ പെട്ടത്. താഴ്‌വരക്കു സമീപം ഉല്ലാസ യാത്രക്കെത്തിയ യുവാവ് പ്രളയത്തില്‍ പെട്ട ബാലനെ രക്ഷപ്പെടുത്തുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്. നാലു മണിക്കൂര്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹം കണ്ടെത്തിയത്.
ഒഴുക്കില്‍ പെട്ട ബാലനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ പ്രളയത്തില്‍ പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ സൗദി പൗരന്‍ ഫഹൈദ് മുതൈര്‍ അല്‍അനസി പറഞ്ഞു. ബാലനെയും യുവാക്കളില്‍ ഒരാളെയും തന്റെ കാറിലുണ്ടായിരുന്ന കയര്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് താന്‍ രക്ഷപ്പെടുത്തി. രണ്ടാമത്തെ യുവാവിനെ രക്ഷപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ല. ഈ യുവാവിന്റെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് പുറത്തെടുക്കുകയായിരുന്നെന്നും ഫഹൈദ് മുതൈര്‍ അല്‍അനസി പറഞ്ഞു.
തബൂക്കിലെ അല്‍ ബദഇല്‍ പ്രളയത്തില്‍ പെട്ട് ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ബദഅ് വാദി അഫാലിലാണ് ഇവര്‍ പ്രളയത്തില്‍ പെട്ടത്. തബൂക്കില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രളയത്തില്‍ പെട്ട 34 പേരെ സിവില്‍ ഡിഫന്‍സും കിംഗ് ഫൈസല്‍ വ്യോമ താളവത്തില്‍ നിന്നുള്ള സൈനികരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇക്കൂട്ടത്തില്‍ 26 പേരെ വാദി അല്‍സുറുവില്‍ നിന്നും എട്ടു പേരെ വാദി അഫാലില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയത്.

 

Latest News