റിയാദ്- ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനിടെ 5600 കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചതായി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് അറിയിച്ചു. ഇരുപത്തിയഞ്ചു കരാറുകളാണ് ഒപ്പു വെച്ചത്. ദേശീയ വ്യവസായ, ലോജിസ്റ്റിക് സർവീസസ് പ്രോഗ്രാമിനു വേണ്ടി 4400 കോടി ഡോളർ നീക്കിവെച്ചിട്ടുണ്ട്. 1.6 ട്രില്യണിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ ദേശീയ വ്യവസായ, ലോജിസ്റ്റിക് സർവീസസ് പ്രോഗ്രാം രാജ്യത്തേക്ക് ആകർഷിക്കുമെന്നാണ് കണക്കാക്കുന്നത്. പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി പത്തിരട്ടിയായി ഉയർത്തുന്നതിനാണ് സൗദി അറേബ്യ ഊന്നൽ നൽകുന്നത്. പെട്രോളിതര ഉൽപന്നങ്ങളുടെ വൻ സമ്പത്ത് രാജ്യത്തുണ്ട്. ഉൽപാദന, നിർമാണ മേഖലയിൽ ഇവ പ്രയോജനപ്പെടുത്തുമെന്നും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.