Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയിട്ടില്ലെന്ന് സാമ ഗവര്‍ണര്‍

റിയാദ്- പ്രശസ്ത മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് സംഘർഷത്തിനിടെ മരിച്ച സംഭവം പുറത്തുവന്ന ശേഷം സൗദിയിൽ നിന്ന് അസ്വാഭാവിക നിലയിൽ വിദേശത്തേക്ക് പണമൊഴുകിയിട്ടില്ലെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ഗവർണർ അഹ്മദ് അൽഖുലൈഫി പറഞ്ഞു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനോടനുബന്ധിച്ച് നൽകിയ ടി.വി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാമ ഗവർണർ. രണ്ടാഴ്ചക്കിടെ വിദേശത്തേക്കുള്ള പണമൊഴുക്ക് സ്വാഭാവിക നിലയിൽ തന്നെയായിരുന്നു. വിദേശ നിക്ഷേപകരോ സൗദി വ്യവസായികളോ തങ്ങളുടെ നിക്ഷേപം വിദേശങ്ങളിലേക്ക് കടത്തിയിട്ടില്ല. സമ്പന്ന കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് ഒരുവിധ നിയന്ത്രണവും സൗദിയിലില്ല. 
സൗദിയിൽ വിദേശ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നതിൽ തുറന്ന മനസ്സാണുള്ളത്. ലൈസൻസ് വ്യവസ്ഥകൾ സാമ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ പ്രവർത്തനാനുമതി തേടി നാലു പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾ നൽകിയ അപേക്ഷകൾ സാമ പഠിച്ചുവരികയാണ്. പ്രാദേശിക ബാങ്കുകളിൽ നിന്നും ലൈസൻസ് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ആഗോള ബാങ്കുകളിൽ നിന്ന് ലൈസൻസ് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. ഈ വർഷം ആദ്യ പകുതിയിൽ ബാലൻസ് ഓഫ് പെയ്‌മെന്റിൽ 11,000 കോടി റിയാൽ മിച്ചം രേഖപ്പെടുത്തി. 
ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ അര ശതമാനം വർധനവുണ്ട്. ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ ആകെ 17,700 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപങ്ങൾ അടക്കമാണിത്. രണ്ടാഴ്ചക്കിടെ വിദേശത്തേക്കുള്ള പണമൊഴുക്ക് സ്വാഭാവിക നിലയിലാണ്. വിദേശങ്ങളിലേക്ക് സ്വതന്ത്രമായി പണം മാറ്റുന്നതിന് അനുവദിക്കുന്നത് അടക്കം സ്വതന്ത്ര സമ്പദ്‌വ്യവസ്ഥ തത്വങ്ങൾ പാലിക്കുന്നത് സൗദി അറേബ്യ തുടരും. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കിട്ടാക്കടങ്ങൾ 1.8 ശതമാനമായി വർധിച്ചിട്ടുണ്ട്. നിർമാണ മേഖലയിലെ മാന്ദ്യമാണ് ഇതിന് കാരണമെന്നും സാമ ഗവർണർ പറഞ്ഞു.
അതേസമയം, ബാങ്കുകളുടെ ഏജൻസികളായി പ്രവർത്തിക്കുന്നതിന് ലൈസൻസുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിന് തീരുമാനമായി എന്ന നിലക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സാമ പറഞ്ഞു. ബാങ്കിംഗ് സേവനങ്ങളും ഉൽപന്നങ്ങളും വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ബാങ്കിംഗ് സേവന ഏജൻസികളായി വ്യാപാര സ്ഥാപനങ്ങളെ നിയമിക്കുന്നതിന് ബാങ്കുകളെ അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ തേടുന്നതിന് ഇതുമായി ബന്ധപ്പെട്ട കരടു തീരുമാനം സാമ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. 
ബാങ്കിംഗ് സർവീസ് ഏജൻസികളായി പ്രവർത്തിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ അനുവദിക്കുന്ന അന്തിമ നിയമം അംഗീകരിക്കുന്നതിനു മുമ്പായി പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിക്കുകയും അവ പഠിക്കുകയും ചെയ്യും. 
ബാങ്കിംഗ് സേവന ഏജൻസികളായി പ്രവർത്തിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ അനുവദിക്കുന്നതിനെ കുറിച്ച അഭിപ്രായ നിർദേശങ്ങൾ പൊതുജനങ്ങളും വിദഗ്ധരും സാമക്ക് സമർപ്പിക്കണം. നവംബർ പത്തു വരെ ഇ-മെയിൽ വഴി അഭിപ്രായ നിർദേശങ്ങൾ സ്വീകരിക്കുമെന്ന് സാമ വ്യക്തമാക്കി.  
 

Latest News