Sorry, you need to enable JavaScript to visit this website.

പാവറട്ടി പഞ്ചായത്ത് സെക്രട്ടറി മരിച്ച നിലയിൽ

തൃശൂർ - പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലശേരി താണവീഥി സ്വദേശി തണ്ടാശേരി വീട്ടിൽ ഷാജിയെ(52)യാണ് ഇന്ന് രാവിലെ പറപ്പൂർ മുള്ളൂർക്കായൽ കോൾബണ്ടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരമാംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചായത്തിലെ കുടിവെള്ള വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഷാജി അവധിയിലായിരുന്നു. ജോലിയിൽ തിരിച്ചുകയറാൻ പല കാരണങ്ങൾ മൂലവും കഴിഞ്ഞിരുന്നില്ല. ഇതിൽ ഏറെ മാനസിക അസ്വസ്ഥനായിരുന്നു ഷാജിയെന്ന് പറയുന്നു. ബുധനാഴ്ച വൈകീട്ട് വീട്ടിൽ നിന്നും ബൈക്കിൽ പുറത്തിറങ്ങിയ ഷാജിയുടെ ബൈക്ക് മുല്ലശേരി സ്വദേശിയായ ചീരോത്ത് സുരേഷിന്റെ സൈക്കിളിലിടിക്കുകയും സുരേഷിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ സുരേഷിനെ ഷാജി തന്നെയാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുരേഷിന് ഓപ്പറേഷനും മറ്റുമായി വലിയൊരു തുക വരുമെന്ന കാര്യം ഷാജി ഭാര്യയെ വിളിച്ചുപറഞ്ഞിരുന്നതായി പറയുന്നു. പണം കണ്ടെത്താമെന്ന് പറഞ്ഞ് ഭാര്യ ഷാജിയെ ആശ്വസിപ്പിച്ചത്രെ. എന്നാൽ പിന്നീട് ഷാജിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വീട്ടുകാരും  സുഹൃത്തുക്കളും ഷാജിക്കായി തിരിച്ചലിലാണ് ഇന്നലെരാവിലെ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപം ബൈക്കുമുണ്ടായിരുന്നു. ഭാര്യ; ഷീബ. മക്കൾ: സ്വാതി, സോനു. ഷാജിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപം രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഷാജിയുടെ ഷർട്ടിൽ കളിമണ്ണ് പതിഞ്ഞിരുന്നു. ഇതെല്ലാം എങ്ങിനെ സംഭവിച്ചുവെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എ.സി.പി. പി.ശിവദാസിന്റെ നേതൃത്വത്തിൽ  പേരാമംഗലം സി.ഐ സി.സന്തോഷാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

Latest News