കോഴിക്കോട്- സംഘ്പരിവാർ താൽപര്യത്തിന് വഴങ്ങി മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ ചുമതലയിൽനിന്നും അസിസ്റ്റന്റ് എഡിറ്റർ കമൽ റാം സജീവിനെ മാറ്റി. എഴുത്തുകാരനും മാതൃഭൂമിയുടെ മുതിർന്ന പത്രപ്രവർത്തകനുമായ സുഭാഷ് ചന്ദ്രനാണ് ചുമതല നൽകിയത്. കമൽറാം സജീവിനെതിരെ ഏറെക്കാലമായി സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. അവരുടെ ഭീഷണിക്ക് വഴങ്ങിയാണ് കമൽ റാമിനെ മാറ്റിയത്. പത്തുവർഷമായി മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ ചുമതല കമൽറാമിനായിരുന്നു. മാതൃഭൂമി ആഴ്ച്ചപതിപ്പിൽ എഴുത്തുകാരൻ എസ്. ഹരീഷിന്റെ മീശ എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെയാണ് സംഘ്പരിവാർ ഭീഷണി ശക്തമായത്. കമലിനെതിരെ നടപടിയെടുക്കണമെന്ന് സംഘ്പരിവാർ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനാണ് അവസാനം മാനേജ്‌മെന്റ് വഴങ്ങിയത്. 1993-ൽ പത്രപ്രവർത്തനമേഖലയിലുള്ള കമൽറാം സജീവ് മാധ്യമത്തിൽനിന്നാണ് മാതൃഭൂമിയിലേക്ക് എത്തിയത്. ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും, നവാബ് രാജേന്ദ്രൻ ഒരു ചരിത്രം, ഇറാഖ്,സദ്ദാം നവലോക ക്രമത്തിന്റെ ഇരകൾ, ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ, നാലാം എസ്‌റ്റേറ്റിലെ ചോദ്യങ്ങൾ എന്നിവയാണ് കൃതികൾ.