Sorry, you need to enable JavaScript to visit this website.

സാമഗ്രികൾക്ക് വൻ വില; ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾ പ്രതിസന്ധിയിൽ

ഇടുക്കി- നിർമാണ സാമഗ്രികൾക്ക് വില ഉയരുന്നതിനാൽ സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമിക്കുന്ന സാധാരണക്കാർ വലയുന്നു. നിർമാണ സാമഗ്രികളുടെ വില ക്രഷർ ഉടമകൾ ഉയർത്തുന്നതാണ് ജനങ്ങളെ വലക്കുന്നത്. വില വർധനവ് വീട് നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ച് തുടങ്ങി.  
സാങ്കേതിക കാരണങ്ങളാൽ ഏതാനും ക്രഷർ യൂനിറ്റുകൾ നേരത്തെ തന്നെ പൂട്ടിയിരുന്നു. ഇതോടൊപ്പം തന്നെ നിരവധി പാറമടകളും അടച്ചു പൂട്ടിയിരുന്നു. പാറമടകൾ അടച്ചു പൂട്ടിയതോടെ കല്ല്, പാറപ്പൊടി, മെറ്റൽ തുടങ്ങിയവക്ക് വില കുതിച്ചുയരുകയാണ്. ലൈസൻസ് കാലാവധി കഴിഞ്ഞ ക്രഷറുകളും പാറമടകളും ഇതേവരെ  തുറക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിൽ തുറന്നു പ്രവർത്തിക്കുന്ന ക്രഷറുകൾ അമിതമായി കല്ലിനും പാറപ്പൊടികൾക്കും മറ്റും വില വർധിപ്പിച്ചിരിക്കുന്നത്. 
അനുവദിക്കുന്ന തുകയിൽ നിർമാണം എങ്ങുമെത്തില്ലെന്ന് ലൈഫ് പദ്ധതി ഉപഭോക്താക്കൾ പറയുന്നു. നാലു ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ഗഡുവായി  നാൽപ്പതിനായിരമാണ് നൽകുന്നത്. ഇതിൽ ഫൗണ്ടേഷൻ കെട്ടി ഗ്രാമസേവകനെ കാണിച്ചാൽ മാത്രമേ രണ്ടാം ഗഡു നൽകുകയുള്ളൂ. ക്രഷറുകളിൽ ഒരു ലോഡ് കല്ലിന് 3500 മുതൽ 3750 രൂപ വരെയാണ് ഇടാക്കുന്നത്. വാഹന വാടക ഉൾപ്പെടെ 6500 രൂപ നൽകിയാൽ മാത്രമേ ഉപഭോക്താവിന് ഒരു ലോഡ് കല്ല് ലഭിക്കുകയുള്ളു. ഇത് സാധാരണക്കാരന് താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വില വർധനവ് മൂലം പലയിടത്തും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പാറമടകളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച സാഹചര്യത്തിൽ കല്ല്, മെറ്റൽ, പാറപ്പൊടി, പാറമണൽ തുടങ്ങിയവ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. 
34 രൂപ ഉണ്ടായിരുന്ന പാറപ്പൊടിക്ക് 39 രൂപ ആയി വർധിച്ചു. 29-30 രൂപ വിലയുണ്ടായിരുന്ന മെറ്റലിനു 34-35 എന്ന തോതിൽ കൂടി. ഇവ പണി സ്ഥലത്തെത്തിക്കുമ്പോൾ വാഹനക്കൂലി കൂടി കൂട്ടിയാൽ തുക പിന്നെയും വർധിക്കും. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിത വില ഈടാക്കുന്ന ക്രഷർ ഉടമകളുടെ നടപടിക്കെതിരെ പരക്കെ പ്രതിഷേധമാണുള്ളത്. മണൽ ലഭിക്കാതെ വരുന്നതോടെ  പെരിയാറിന്റെ തീരത്ത് നിന്ന് മണലൂറ്റു സംഘങ്ങളും സജീവമായി. പെരിയാർ നദിയിൽ നിന്ന് പകൽ സ്വരുപിക്കുന്ന മണൽ രാതികാലങ്ങളിലാണ് കടത്തുന്നത്. വൻകിട നിർമാണത്തിന് ഇവ എത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്. രാത്രി കാലങ്ങളിൽ ഉദ്യോഗസ്ഥരുടെ അറിവോടെ വ്യാപകമായി കല്ലുകളും നിർമാണ സാധന സാമഗ്രികളും കടത്തലും പതിവാണ്. ഹൈറേഞ്ചിലേക്ക് നിർമാണ സാധന സാമഗ്രികൾ എത്തണമെങ്കിൽ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. 
 

Latest News