റിയാദ് - പുതിയ നിയമ ഭേദഗതി പ്രകാരം അവിവാഹിതരായ സൗദി പൗരന്മാർക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി രണ്ടു വിസകൾ അനുവദിക്കും.
രണ്ടും വ്യത്യസ്ത പ്രൊഫഷനുകളിലായാണ് വിസ അനുവദിക്കുക. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അവിവാഹിതർക്ക് വിസ അനുവദിക്കുന്നത് ആദ്യമായാണ്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കുന്ന, അവിവാഹിതരായ സൗദി പൗരന്റെ പ്രായം 24 ൽ കുറവാകാൻ പാടില്ല.
പുരുഷന്മാർക്ക് പുരുഷന്മാരേയും വനിതകൾക്ക് വനിതകളേയും മാത്രമേ ഗാർഹിക തൊഴിലാളികളായി റിക്രൂട്ട് ചെയ്യാനാകൂ. ഗാർഹിക തൊഴിലാളി, ഹൗസ് ഡ്രൈവർ, പാചകക്കാരൻ, മെയിൽ നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് സ്‌പെഷ്യലിസ്റ്റ്, സ്വകാര്യ ട്യൂട്ടർ എന്നീ പ്രൊഫഷനുകളിലുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിനാണ് അവിവാഹിതരായ സൗദി പൗരന്മാർക്ക് വിസകൾ അനുവദിക്കുക. ഇവർ ആദ്യ വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ 5,000 റിയാൽ വേതനം ലഭിക്കുന്നത് വ്യക്തമാക്കുന്ന സാലറി സർട്ടിഫിക്കറ്റും 35,000 റിയാൽ ബാങ്ക് ബാലൻസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്.
രണ്ടാമത്തെ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ വേതനം പതിനായിരം റിയാലിൽ കുറവാകാൻ പാടില്ല. ഇവർ സാലറി സർട്ടിഫിക്കറ്റിനു പുറമെ 80,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയും ഹാജരാക്കണം.
അവിവാഹിതരായ സൗദി വനിതകൾക്കും പരമാവധി രണ്ടു വിസകൾ വീതം അനുവദിക്കും. വേലക്കാരി, ഹൗസ് ഡ്രൈവർ, പാചകക്കാരി, ഫീമെയിൽ നഴ്‌സ്, ഫീമെയിൽ ഫിസിയോ തെറാപ്പിസ്റ്റ്, ഫീമെയിൽ സ്പീച്ച് സ്‌പെഷ്യലിസ്റ്റ്, സ്വകാര്യ ട്യൂട്ടർ എന്നീ പ്രൊഫഷനുകളിലുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിനാണ് അവിവാഹിതരായ സൗദി വനിതകൾക്ക് വിസകൾ അനുവദിക്കുക. വിസാ അപേക്ഷകരുടെ പ്രായം, ധനസ്ഥിതി എന്നിവ അവിവാഹിതരായ പുരുഷന്മാർക്ക് ബാധകമായ അതേ വ്യവസ്ഥകളാണ് അവിവാഹിതരായ വനിതകൾക്കും ബാധകം.