- വിദേശികൾക്ക് പരമാവധി രണ്ട് വിസ
- സൗദി കുടുംബത്തിന് അഞ്ച് വിസ
റിയാദ്- ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഭേദഗതികൾ വരുത്തി. പുതിയ വ്യവസ്ഥകൾ പ്രകാരം വിവാഹിതരായ സൗദി പൗരന്മാർക്കും സൗദി വനിതകൾക്കും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി അഞ്ചു വിസകൾ വരെ അനുവദിക്കും. ഇതിന് ദമ്പതികൾ ഒരാളുടെ പേരിലാണ് വിസ അപേക്ഷകൾ നൽകേണ്ടത്. മക്കളുള്ള വിവാഹ മോചിതർക്കും ഭാര്യ മരണപ്പെട്ടുപോയ സൗദികൾക്കും പരമാവധി അഞ്ചു വിസകൾ ലഭിക്കും.
സൗദിയിൽ കുടുംബ സമേതം കഴിയുന്ന വിദേശികൾക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി രണ്ടു വിസകൾ ലഭിക്കും. നിക്ഷേപകരായ, വിദേശ ബാച്ചിലർമാർക്ക് ഒരു വിസ വീതവും അനുവദിക്കും. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ ലഭിക്കുന്നതിന് വിവാഹിതരായ വിദേശികൾ ജോലിക്കാരോ നിക്ഷേപകരോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആദ്യ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ പതിനായിരം റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റും ഒരു ലക്ഷം റിയാൽ ബാങ്ക് ബാലൻസുള്ളത് വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കൽ നിർബന്ധമാണ്. രണ്ടാമത്തെ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ വേതനം ഇരുപതിനായിരം റിയാലിൽ കുറവാകാൻ പാടില്ല. ഇവർക്ക് രണ്ടു ലക്ഷത്തിൽ കുറയാത്ത ബാങ്ക് ബാലൻസും ഉണ്ടായിരിക്കണം.
മക്കളുള്ള വിവാഹ മോചിതരായ സൗദി വനിതകൾക്കും വിധവകൾക്കും പരമാവധി അഞ്ചു വിസകൾ വീതം ലഭിക്കും. ഇതുവരെ ഇത്തരക്കാർക്ക് പരമാവധി മൂന്നു വിസകൾ വീതവും മക്കളില്ലാത്ത വിവാഹ മോചിതർക്കും വിഭാര്യർക്കും വിധവകൾക്കും പരമാവധി രണ്ടു വിസകൾ വീതവും ലഭിക്കുന്നതിനാണ് അവകാശമുണ്ടായിരുന്നത്. വിവാഹിതരായ സൗദി വനിതകൾക്കും പരമാവധി രണ്ടു വിസകൾ വീതമാണ് അനുവദിച്ചിരുന്നത്. ഇതിൽ മൂന്നു വിസകൾ വേലക്കാരികൾക്കുള്ളതായിരിക്കും. നഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടക്കം ഹെൽത്ത് പ്രൊഫഷനിൽ പെട്ടവർ അടക്കമുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ ലഭിക്കും.
ആദ്യ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ ജോലിയുള്ളത് സ്ഥിരീകരിക്കുന്ന രേഖയും കാൽ ലക്ഷം റിയാൽ ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയും ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്. രണ്ടാമത്തെ വിസക്ക് 7000 റിയാലിന്റെ സാലറി സർട്ടിഫിക്കറ്റും 60,000 റിയാലിന്റെ ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖകളും, മൂന്നാമത്തെ വിസക്ക് 14,000 റിയാലിന്റെ സാലറി സർട്ടിഫിക്കറ്റും 90,000 റിയാലിന്റെ ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖകളും നാലാമത്തെ വിസക്ക് 20,000 റിയാലിന്റെ സാലറി സർട്ടിഫിക്കറ്റും 1,80,000 റിയാലിന്റെ ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയിരിക്കണം. അഞ്ചാമത്തെ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ വേതനം 30,000 റിയാലിലും ബാങ്ക് ബാലൻസ് 3,50,000 റിയാലിലും കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.