മദീന- കൊലക്കേസ് പ്രതികളായ രണ്ടു സൗദി പൗരന്മാർക്ക് ഇന്നലെ മദീനയിൽ വധശിക്ഷ നടപ്പാക്കി. അബ്ദുല്ല ബിൻ ഈദ് അൽഔഫി, നാദിർ ബിൻ മുഹമ്മദ് അൽഔഫി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. സൗദി പൗരൻ നായിഫ് ബിൻ ഹമൂദ് അൽഔഫിയെയും പിതാവിനെയും പ്രതികൾ തന്ത്രപൂർവം മരൂഭൂമിയിലേക്ക് വളിച്ചുവരുത്തി ഇരുവർക്കും നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് നായിഫ് അൽഔഫി കൊല്ലപ്പെടുകയും പിതാവിന് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരാളെ പ്രതികൾ തട്ടിക്കൊണ്ടുപോയി പണവും വിലപിടിച്ച വസ്തുക്കളും തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മദീന ജനറൽ ജയിലിലാണ് പ്രതികൾക്ക് ഇന്നലെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മറ്റൊരു കൊലക്കേസ് പ്രതിയെ ഇന്നലെ ഹായിലിലും വധശിക്ഷക്ക് വിധേയനാക്കി. സിറിയക്കാരൻ മഹ്മൂദ് ബർഹൂ അൽറംലയെ കൊലപ്പെടുത്തിയ ഈജിപ്തുകാരൻ അൽസയ്യിദ് മുഹമ്മദ് അൽസ്വഗീർ അൽ ഹദ്ദാദിനാണ് ശിക്ഷ നടപ്പാക്കിയത്.
സിറിയക്കാരനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശിരസ്സിനും കഴുത്തിനും അടിച്ച് കൊലപ്പെടുത്തി പണം തട്ടിയെടുത്ത് മൃതദേഹം കുഴൽ കിണറിൽ ഉപേക്ഷിക്കുകയായിരുന്നു.
മയക്കുമരുന്ന് കടത്ത് കേസ് പ്രതിയായ സിറിയക്കാരനും ഇന്നലെ വധശിക്ഷ നടപ്പാക്കി. വൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ മഹ്മൂദ് ഫയ്യാദ് ഹാജ് അബ്ബാസിനെ തബൂക്കിലാണ് വധശിക്ഷക്ക് വിധേയനാക്കിയത്.