അബുദാബി- ഭിന്നശേഷിക്കാര്‍ക്കായി അബുദാബി നഗരസഭ പ്രത്യേക നടപ്പാതകള്‍ നിര്‍മിച്ചു. അല്‍ ബതീന്‍ പബ്ലിക് ബീച്ച്, വനിതാ ബീച്ച് എന്നിവിടങ്ങളിലാണ് നടപ്പാത. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് നഗരസഭ അറിയിച്ചു.
പൊതു ബീച്ചില്‍ 64.85 മീറ്റര്‍, വനിത ബീച്ചില്‍ 83.30 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നടപ്പാതകള്‍. സമൂഹത്തിലെ പ്രധാന വിഭാഗമാണ് ഭിന്നശേഷിക്കാരെന്നും പ്രത്യേക പരിഗണനയും ശ്രദ്ധയും അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടത് നഗരസഭയുടെ ബാധ്യതയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ പാത പ്രായമായവര്‍ക്കും ഉപയോഗിക്കാം.
പുതിയ പാതകള്‍ വന്നതോടെ ഭിന്നശേഷിക്കാര്‍ക്ക് ബീച്ചിലെ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അബുദാബി കോര്‍ണിഷില്‍ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന എട്ടു പാതകള്‍ നവംബറില്‍ പൂര്‍ത്തിയാകുമെന്നും സിറ്റി മുനിസിപ്പാലിറ്റി സെന്‍റര്‍ അറിയിച്ചു.