അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ കാലാകാലങ്ങളായി ബി.ജെ.പിയുമായി കൂട്ടുചേർന്നിട്ടുള്ള സി.പി.എം ഇപ്പോൾ കോൺഗ്രസിനു നേരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് തങ്ങളുടെ വികൃതമായ പൂർവകാലം മറച്ചുവെയ്ക്കാനാണ്. കേരളത്തിലെ പലപ്പോഴായി നടന്ന തെരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടും എന്ന് ഉറക്കെ പ്രഖ്യാപിച്ചവരാണ് സി.പി.എം. അന്ന് മുതൽ ഇന്നു വരെ എന്നും അവരത് വെടിപ്പായി ചെയ്യുന്നുണ്ട്. കേരള രാഷ്ട്രീയ ഭൂപടത്തിൽ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത് സി.പി.എമ്മാണ്. ബി.ജെ.പിയുമായി പല കാലങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കിയിട്ടുള്ളതും സി.പി.എമ്മാണ്.
1977 ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ പൊതുതെരഞ്ഞെടുപ്പിൽ ഇന്നത്തെ ബി.ജെ.പിയുടെ പൂർവ പ്രസ്ഥാനമായ ജനസംഘം ഉൾപ്പെട്ട ജനതാ സഖ്യത്തിന് സി.പി.എം പിന്തുണ നൽകിയതും അന്ന് കേരളത്തിൽ ജനസംഘത്തിന്റെ നേതാവായ കെ.ജി. മാരാരുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് സി.പി.എം വോട്ടു പിടിച്ചതും വി.പി. സിംഗ് മന്ത്രിസഭയെ ബി. ജെ.പിക്കൊപ്പം പിന്തുണച്ചതും സി.പി.എമ്മിന്റെ തത്വദീക്ഷയില്ലാത്തതും അവസരവാദപരവുമായ രാഷ്ട്രീയ സമീപനത്തെയാണ് വ്യക്തമാക്കുന്നത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ പഞ്ചായത്തീരാജ് നഗരപാലികാ ബില്ലുകളെ രാജ്യസഭയിൽ ബി.ജെ.പിയുമായി ചേർന്ന് പരാജയപ്പെടുത്തിയതും ഒന്നാം യു.പി.എ ഗവണ്മെന്റിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ വിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ബി. ജെ.പിയുമായി ചേർന്ന് സി.പി.എം വോട്ട് ചെയ്തതും സ്വന്തം അണികളെപ്പോലും ബോധ്യപ്പെടുത്താൻ ഇന്നും സി.പി.എം നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ബിഹാറിൽ മതേതര മുന്നണി ബി. ജെ.പിക്കെതിരെ മത്സരിക്കുമ്പോൾ മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനായി സി.പി.എം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയത് ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്.
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാസഖ്യം രൂപീകരിച്ചപ്പോൾ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് സാക്ഷാൽ നരേന്ദ്ര മോഡിയുടെ പാർട്ടിയായ ബി.ജെ.പിക്ക് പത്ത് സീറ്റുകളിൽ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സി.പി.എമ്മാണ്.
അതുപോലെ പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂപീകരിച്ച സഹകരണം താഴെ തലം വരെ വ്യാപിപ്പിച്ചു.
സി.പി.എം -– ബി.ജെ.പി ധാരണയെ പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളിൽ സി.പി.എം സഖ്യം ചേരുന്നത്. നാദിയ ജില്ലയിലാണ് ഇതിന്റെ ആദ്യ പരീക്ഷണം നടന്നത്. തെരഞ്ഞെടുപ്പ് സഖ്യമല്ല, മറിച്ച് സീറ്റ് വിഭജനത്തിലെ നീക്കുപോക്കുകൾ മാത്രമാണ് ഇരു കക്ഷികളും തമ്മിലുണ്ടായതെന്നാണ് സി.പി.എം വാദം.
ഹൈദരാബാദിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ ബി.ജെ.പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ബംഗാളിൽ ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള സി.പി.എം തീരുമാനമെന്നതാണ് വിരോധാഭാസം. താഴെ തലത്തിൽ വരെ സഹകരണം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ പരസ്യ സഖ്യത്തിലേക്കാണ് ബംഗാളിൽ സി.പി.എമ്മും ബി.ജെ.പിയും നീങ്ങിയത്. ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ നിലപാട് പോലും ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
തൃണമൂൽ കോൺഗ്രസിനെതിരെ കഴിഞ്ഞ ഏപ്രിൽ അവസാന വാരം കരീംപൂർ, റണാഗട്ട് മേഖലയിൽ സി.പി.എമ്മും ബി.ജെ.പിയും സംഘടിപ്പിച്ച സംയുക്ത റാലിയോടെയാണ് സഹകരണത്തിന് തുടക്കം കുറിച്ചത്. മുതിർന്ന സി.പി.എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രമാ ബിശ്വാസ് ഉൾപ്പെടെയുള്ളവർ റാലിയിൽ സംബന്ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് സഹകരണത്തിലേക്ക് ചർച്ചകൾ നീണ്ടത്. ആ ധാരണ അനുസരിച്ച് സി.പി.എമ്മിന് സ്വാധീനമുള്ള വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ നിർത്തിയില്ല. ഇത്തരം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് സി.പി.എം നിർത്തിയത്. ഈ സ്ഥാനാർത്ഥികളെ ബി.ജെ.പി പിന്തുണച്ചു. ബി.ജെ. പി സ്വാധീനമുള്ള സീറ്റുകളിൽ ഇതേ രീതിയിൽ സി.പി.എം തിരിച്ചും സഹായിച്ചു. ഇത് പരസ്യമായി മഹാദേബ് സർക്കാർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിന് സ്വാധീനമുള്ള സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളോട് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു. നാദിയ ജില്ലയിലെ രാഷ്ട്രീയ നീക്കം ദേശീയ തലത്തിൽ തന്നെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളിൽ ഇത് പ്രകടമാണ്. ബംഗാളിൽ സി.പി.എം സ്വീകരിക്കുന്നത് അടവുനയമാണെന്നതിന് തെളിവാണ് നാദിയയിലരങ്ങേറിയ രാഷ്ട്രീയ നീക്കം.
34 വർഷം ഭരിച്ച ബംഗാളിൽ ബി.ജെ. പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളർന്നത് സി.പി.എമ്മിന്റെ തകർച്ചയിൽനിന്നാണ്. കേരളത്തിലും സി.പി.എമ്മിന്റെ ജീർണതയും വിഭാഗീയതയുമാണ് ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ കാലാകാലങ്ങളായി ബി.ജെ.പിയുമായി കൂട്ടുചേർന്നിട്ടുള്ള സി.പി.എം ഇപ്പോൾ കോൺഗ്രസിനു നേരെ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് തങ്ങളുടെ വികൃതമായ പൂർവകാലം മറച്ചുവെയ്ക്കാനാണ്.
കേരളത്തിലെ പലപ്പോഴായി നടന്ന തെരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോൾ ഇത് 27.10 ശതമാനമായി ഉയർന്നു.
ബി.ജെ.പിക്ക് 2011 ലെ തെരഞ്ഞെടുപ്പിൽ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോൾ 42.10 ശതമാനമായി ഉയർന്നു. എന്നാൽ ഇക്കാലയളവിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തിൽനിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എൽ.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോൾ അതിൽനിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥിയായ ഒ രാജഗോപാൽ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീർത്തും ദുർബലനായ ഒരു പേമെന്റ് സ്ഥാനാർഥിയെ മത്സരിപ്പിച്ചതുകൊണ്ടാണ്.
യു ഡി എഫ് കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിച്ചതുകൊണ്ട് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കിൽ ഇടതുപക്ഷം
ദുർബല സ്ഥാനാർഥിയെ നിർത്തിയതുകൊണ്ടു മാത്രം ബി.ജെ.പിക്ക് ആദ്യമായി കേരളത്തിൽ ഒരു എം പി ഉണ്ടാകുമായിരുന്നു. ഇത്തരത്തിൽ കേരളത്തിൽനിന്ന് ഒരു ബി ജെ പി പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാൻ സാഹചര്യമൊരുക്കിയ ഇടതുപക്ഷമാണ് യുഡിഎഫ് - ബി ജെ പി ബാന്ധവം ആരോപിക്കുന്നത്.
ഇനി മഞ്ചേശ്വരത്തെ കണക്കുകൾ നോക്കാം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 52,459 വോട്ടായി ഉയർന്നു. 2011 ൽ ബി ജെ പിക്ക് 43,989 വോട്ട് ലഭിച്ചത് 2014 ൽ 46,631 വോട്ടായി വർദ്ധിച്ചു. ഇക്കാലയളവിൽ എൽ ഡി എഫിനു ലഭിച്ച വോട്ട് 35,067 ൽനിന്നും 29,433 വോട്ടായി കുറഞ്ഞു. സി പി എമ്മിലെ വോട്ട് ചോർച്ചയിലൂടെ ആർക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമാക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന സി പി എം പ്രമേയം അച്ചടിച്ചു വിതരണം ചെയ്താണ് ബി ജെ പി വോട്ട് പിടിച്ചത്.സി പി എമ്മിന്റെ ജീർണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞാണ് ബി ജെ പി വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടച്ച്, യു ഡി എഫ് - ബി ജെ പി ബന്ധം ആരോപിക്കുന്ന സി പി എമ്മിന്റെ സംഘ്പരിവാർ ദാസ്യപ്പണി ഇനിയെങ്കിലും അവസാനിപ്പിക്കണം.