കോഴിക്കോട്- താമരശേരിയിൽ തൊട്ടിലിൽ കിടന്ന കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരന്റെ ഭാര്യ ജസീല(26)യെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ തൊട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടതാണെന്ന് യുവതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. വീട്ടിൽ താൻ നേരിട്ട അവഗണനയും കുട്ടിയുടെ ഉമ്മയോടുണ്ടായ ദേഷ്യവുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ഇവർ പറഞ്ഞു.
മരിച്ച കുട്ടിയുടെ പിതൃസഹോദരൻ മുഹമ്മദലിയുടെയും ഭാര്യ ഷമീനയുടെയും ഏഴ് മാസം പ്രായമുള്ള മകൾ ഫാത്തിമയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് പാലുകൊടുത്ത് ഉറക്കിയ ശേഷം ഷമീന കുളിക്കാൻ പോയപ്പോഴാണ് ജസീല കുഞ്ഞിനെ എടുത്തുകിണറ്റിലിട്ടത്. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ഷമീന ബഹളം വെച്ചപ്പോൾ ജസീല തന്നെയാണ് കുഞ്ഞ് കിണറ്റിലുണ്ടെന്ന വിവരം പറഞ്ഞത്. പാചകത്തിനിടെ കറി കരിഞ്ഞപ്പോൾ കിണറ്റിൽനിന്ന് വെള്ളമെടുക്കാനായി പോയപ്പോഴാണ് കുഞ്ഞിനെ കണ്ടതെന്നും ജസീല പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ വെള്ളം കുടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതോടെ ജസീലയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു വീടിന്റെ മുറ്റത്തെ കിണറ്റിൽ കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്