കോഴിക്കോട്- അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 160 ൽ ഏറെ സീറ്റ് നേടാനാവില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. ആൾ ഇന്ത്യാ പ്രൊഫഷനൽസ് കോൺഗ്രസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബി.ജെ.പിക്ക് പരമാവധി സീറ്റുകൾ 2014ൽ ലഭിച്ചിരുന്നുവെങ്കിൽ അത് പകുതിയെങ്കിലുമായി കുറയും. വിഭാഗീയതക്ക് അറുതി വരുത്തി കോൺഗ്രസിനെ ബൂത്ത് തലം മുതൽ പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് -ശശി തരൂർ പറഞ്ഞു. വിവിധ പാർട്ടികളെ പോലെയാണ് കേരളത്തിലടക്കം കോൺഗ്രസിലെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നതാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുല്ലപ്പള്ളിയുടെ യോഗ്യത. ഇതേ തത്വം വെച്ചാണ് സുധീരനെയും നിയോഗിച്ചത്. പക്ഷേ സുധീരന്റെ പുതിയ ഗ്രൂപ്പ് രൂപപ്പെടുകയായിരുന്നു ഫലമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡി ഏകാധിപതിയാണെങ്കിൽ രാഹുൽ കളക്ടീവായ നേതൃത്വത്തിന്റെ ഭാഗമാണെന്നും തരൂർ പറഞ്ഞു.