തൊടുപുഴ- ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉയർന്നതോടെ തൊടുപുഴ സി.ഐ എൻ.ജി ശ്രീമോനെ സ്ഥലം മാറ്റുന്നു. കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. സിവിൽ തർക്കത്തിൽ പോലീസ് ഇടപെടരുതെന്ന 2012 ലെ ഡി.ജി.പിയുടെ സർക്കുലർ നിലനിൽക്കെ നിയമവിരുദ്ധമായി ഇടപെട്ട സി.ഐക്കെതിരെ കർശന വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ ഒമ്പതിന് ഇതു സംബന്ധിച്ച് എടുത്ത നടപടി വ്യക്തമാക്കണമെന്നും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശവും നൽകിയിരുന്നു.
തൊടുപുഴ പോലീസിന്റെ അധികാര പരിധിയിൽപ്പെടാത്ത ഭൂമിയും ആളുകളും ഉൾപ്പെട്ട തർക്കത്തിൽ തൊടുപുഴ സി.ഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച് കോടതി ശ്രീമോനെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ പത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തിങ്കളാഴ്ച ഹരജി പരിഗണിക്കവെ ഐ.ജിയും ആഭ്യന്തര സെക്രട്ടറിയും സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും എന്തുകൊണ്ടാണ് വ്യത്യാസം വന്നതെന്ന് വ്യക്തമാക്കി സത്യവാംഗ്മൂലം നൽകാൻ ഐ.ജിയോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സി.ഐക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പ് തയാറായത്. ലോ ആന്റ് ഓർഡറിൽ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന സീനിയർ ഗവ. പ്ലീഡർ പി.പി.താജുദ്ദീന്റെ നിർദേശത്തെ തുടർന്നാണ് നടപടി.