- ഖശോഗിയുടെ മകനും ബന്ധുവും രാജാവിനെ സന്ദർശിച്ചു
- ആരായിരുന്നാലും നടപടി -മന്ത്രിസഭ
റിയാദ് - സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ മരണത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളിൽ വീഴ്ച വരുത്തിയത് ആരായിരുന്നാലും അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. നീതി നടപ്പാക്കുന്നതിൽ ഊന്നൽ നൽകുന്ന ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ രീതിശാസ്ത്രത്തിലാണ് സൗദി അറേബ്യ സ്ഥാപിതമായത്.
ജമാൽ ഖശോഗിയുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ച ഖേദകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജാവ് പുറപ്പെടുവിച്ച കൽപനകളും നിർദേശങ്ങളും മുഴുവൻ സൗദി പൗരന്മാരുടെയും സുരക്ഷയുടെ കാര്യത്തിലുള്ള ഭരണാധികാരികളുടെ അതീവ താൽപര്യമാണ് പ്രതിഫലിപ്പിക്കുന്നത്. സത്യം പുറത്തു കൊണ്ടുവരുന്നതിന് സൗദി അറേബ്യ സ്വീകരിച്ച നടപടികളും വീഴ്ച വരുത്തിയവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനുള്ള തീരുമാനവും ഇത് ബോധ്യപ്പെടുത്തുന്നതാണ്. വീഴ്ചകൾ വരുത്തിയവർക്കും സംഭവത്തിൽ പങ്കുള്ളവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുക മാത്രമല്ല, തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള ഭരണാധികാരികളുടെ നിശ്ചയദാർഢ്യവും ഇത് പ്രതിഫലിപ്പിക്കുന്നതായി മന്ത്രിസഭാ യോഗം പറഞ്ഞു.
ജമാൽ ഖശോഗിയുടെ പുത്രൻ സ്വലാഹ് ഖശോഗിയും അടുത്ത ബന്ധു സഹ്ൽ ബിൻ അഹ്മദ് ഖശോഗിയും ഇന്നലെ സൽമാൻ രാജാവിനെ സന്ദർശിച്ചു. റിയാദ് അൽയെമാമ കൊട്ടാരത്തിൽ വെച്ചാണ് ഇരുവരെയും രാജാവ് സ്വീകരിച്ചത്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സംബന്ധിച്ചു. ജമാൽ ഖശോഗിയുടെ മരണത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും കുടുംബത്തെയും ബന്ധുക്കളെയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ജമാൽ ഖശോഗിയുടെ വിയോഗത്തിൽ തങ്ങളെ ആശ്വസിപ്പിച്ചതിന് സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്വലാഹ് ഖശോഗിയും സഹ്ൽ ഖശോഗിയും നന്ദി പറഞ്ഞു.