റിയാദ് - പ്രശസ്ത മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ മരണത്തിൽ പങ്കുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുമെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുന്നതിനുള്ള നടപടികൾ സൗദി അറേബ്യ സ്വീകരിക്കും.
ഖശോഗിയുടെ തിരോധാനത്തെക്കുറിച്ച അന്വേഷണത്തിന് സൗദി അറേബ്യ തുർക്കിയിലേക്ക് പ്രത്യേക സംഘത്തെ അയച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുമെന്നും വിദേശ മന്ത്രി പറഞ്ഞു.
ഖശോഗി സംഭവം ഗുരുതരമായ തെറ്റാണെന്ന് ഞായറാഴ്ച ആദിൽ അൽജുബൈർ വിശേഷിപ്പിച്ചിരുന്നു. സംഭവത്തിൽ പങ്കുള്ള മുഴുവൻ പേരോടും കണക്കു ചോദിക്കും. ജമാൽ ഖശോഗിക്ക് സംഭവിച്ചതിനെക്കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അറിവില്ലായിരുന്നു. ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽനിന്ന് ജമാൽ ഖശോഗി പുറത്തു പോയതുമായി ബന്ധപ്പെട്ട പരസ്പര വിരുദ്ധ റിപ്പോർട്ടുകൾ പുറത്തു വന്നത് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നതിന് സൗദി അധികൃതരെ പ്രേരിപ്പിച്ചു. ഖശോഗിക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യം കിരീടാവകാശിക്ക് അറിയില്ലായിരുന്നു. ഇക്കാരണത്താലാണ് ഖശോഗി കേസിൽ സൗദി അറേബ്യക്ക് പങ്കുണ്ട് എന്ന നിലക്ക് പുറത്തു വന്ന റിപ്പോർട്ടുകൾ മുഴുവൻ അദ്ദേഹം നിഷേധിച്ചത്. ഖശോഗിയെ സംഘർഷത്തിനിടെ കൊലപ്പെടുത്തിയവർ തങ്ങളുടെ അധികാര പരിധികൾ ലംഘിക്കുകയായിരുന്നു. ഗുരുതരമായ തെറ്റാണ് അവർ ചെയ്തത്. ഇത് മറച്ചുവെക്കാൻ നടത്തിയ ശ്രമങ്ങൾ പ്രശ്‌നം കൂടുതൽ ഗുരുതരമാക്കിയതായും ആദിൽ അൽജുബൈർ പറഞ്ഞു.
ഖശോഗി വധത്തിൽ പങ്കുള്ള ആർക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അടുത്ത ബന്ധമില്ല. സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരിൽ ചിലർ നേരത്തെ ഇടക്കിടക്ക് കിരീടാവകാശിയുടെ അംഗരക്ഷകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇത് സ്വാഭാവികമാണ്. ഇവർ നേതാക്കളുടെ അംഗരക്ഷകരായി മാറി മാറി പ്രവർത്തിക്കാറുണ്ട്. ജമാൽ ഖശോഗിയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സൗദി അറേബ്യ പരസ്യപ്പെടുത്തും. വാദങ്ങളും കിംവദന്തികളുമല്ല, സാധ്യമായത്ര കൃത്യതയോടെ വിവരങ്ങൾ കണ്ടെത്താനാണ് ആഗ്രഹിക്കുന്നത്. ഇതിന് സമയമെടുക്കും. ഖശോഗിയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പേരോടും കണക്കു ചോദിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തിപരമായി നിശ്ചയദാർഢ്യത്തിലാണെന്നും വിദേശ മന്ത്രി പറഞ്ഞു.
അതേസമയം, ജമാൽ ഖശോഗി കേസിൽ തുർക്കിയുമായി സഹകരിക്കുന്നതിന് സൗദി അറേബ്യ തുറന്ന മനസ്സ് കാണിച്ചതായി തുർക്കി വിദേശ മന്ത്രി മെവ്‌ലുത് ജവശോഗ്‌ലു പറഞ്ഞു. ഖശോഗിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ വിവരങ്ങൾ ഒരു രാജ്യത്തിനും തുർക്കി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.