റിയാദ് - നാല് മേഖലകളിലെ വിദേശ നിക്ഷേപം വിലക്കിയ നടപടി റദ്ദാക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഇതനുസരിച്ച് റിക്രൂട്ട്‌മെന്റ് അടക്കമുള്ള മാൻ പവർ സപ്ലൈ സേവനം, ഓഡിയോവിഷ്വൽ സേവനം, കര ഗതാഗത സേവനം, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സേവനം എന്നീ മേഖലകളിൽ തുടർന്നും വിദേശ നിക്ഷേപം അനുവദിക്കും.
വാണിജ്യ, നിക്ഷേപ മന്ത്രിയും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. മാജിദ് അൽഖസബി സമർപ്പിച്ച റിപ്പോർട്ടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി സമർപ്പിച്ച ശുപാർശയും പരിശോധിച്ചാണ് നാലു മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.