തിരുവനന്തപുരം- കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ലോകത്ത് ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത പോലീസ് ഫെയ്‌സ്ബുക്ക് പേജ് എന്ന നേട്ടത്തിന് അർഹമായി.
ന്യൂയോർക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസ് ഈ നേട്ടം കൈവരിച്ചത്.
പോലീസിന്റെ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക്, സൈബർ സംബന്ധമായ ബോധവത്കരണവും നിയമ കാര്യങ്ങളും തുടങ്ങി ജനങ്ങൾക്ക് പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങൾ നൽകുന്നതിനു വേണ്ടിയാണ് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്.
നിലവിൽ 8.20 ലക്ഷം ലൈക്കുകളാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് ഉള്ളത്. രണ്ടാം സ്ഥാനത്തായ ന്യൂയോർക്ക് പോലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകൾ ലഭിച്ചു.
നവമാധ്യമ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന്റെയും വിവിധ പ്ലാറ്റ്‌ഫോമിലൂടെ ആശയ വിനിമയം വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് പോലീസ് ആസ്ഥാനത്ത് കേരള പോലീസ് സോഷ്യൽ മീഡിയ സെൽ തുടങ്ങിയത്.