മസ്കത്ത്- ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഒമാനെ തെരഞ്ഞെടുത്തത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആഹ്ലാദം പകര്‍ന്നു. തികച്ചും അര്‍ഹമായ ബഹുമതിയാണ് രാജ്യത്തെ തേടിയെത്തിയതെന്ന് വര്‍ഷങ്ങളായി ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2018 ലെ ഗ്ലോബല്‍ കോംപറ്റീറ്റിവ്‌നെസ് റിപോര്‍ട്ടിലാണ് റോയല്‍ ഒമാന്‍ പോലീസിനെ അറബ് ലോകത്തെ ഒന്നാമത്തേയും ലോകത്തെ അഞ്ചാമത്തേയും കാര്യക്ഷമതയുള്ള പോലീസ് സേനയായി തെരഞ്ഞെടുത്തത്. പോലീസ് സേവനത്തിന്റെ വിശ്വാസ്യതയും ഉത്തരവാദിത്തവും ആധാരമാക്കിയുള്ള വിലയിരുത്തലാണ് നടത്തിയത്. സമാധാനത്തോടെ ജീവിക്കാന്‍ പറ്റിയ സ്ഥലം- ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായ ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് നീണാള്‍ വാഴട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തുന്ന ജനതയാണ് ഒമാനികള്‍. ഈഗോ പ്രശ്‌നം തീരെയില്ല. ഒമാനോട് എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ കുടുംബാംഗങ്ങളെല്ലാം ഇവിടെയാണുള്ളത്- അദ്ദേഹം പറഞ്ഞു.
മറ്റു ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് മനോഹരമായ രാജ്യമാണ് ഒമാനെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുമായി പോരാട്ടം നടത്താനല്ല, സമാധാനപരമായി ജീവിക്കാനാണ് ഒമാനികള്‍ ആഗ്രഹിക്കുന്നത്, അതാണ് ഒമാന്റെ സൗന്ദര്യം- സ്വദേശിയായ മുഹമ്മദ് അല്‍ ഖുസൈബി പറഞ്ഞു.