മദീന - അനുവദിച്ച സമയത്തിനകം പദവി ശരിയാക്കാത്തതിന് മദീനയിലെ 39 പെട്രോൾ ബങ്കുകൾ മദീന നഗരസഭ അടപ്പിച്ചു. നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലി പാലിക്കുന്നതിനും 100 ബങ്കുകൾക്ക് സാവകാശം നൽകിയിട്ടുണ്ട്. മുഴുവൻ പെട്രോൾ ബങ്കുകളും നവീകരിക്കുന്നതു വരെ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി പ്രവർത്തനം തുടരുമെന്ന് മദീന നഗരസഭ വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്കിടെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഒന്നേകാൽ ലക്ഷത്തോളം ഫീൽഡ് പരിശോധനകൾ മദീന നഗരസഭ നടത്തി. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ, പച്ചക്കറി കടകൾ, ഭക്ഷ്യവസ്തുക്കൾ മൊത്തമായി വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, കോഴി, ഇറച്ചി, മത്സ്യ കടകൾ, സെൻട്രൽ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 8354 നിയമ ലംഘനങ്ങൾ കണ്ടെത്തി. കാലാവധി തീർന്നതും കേടായതുമായ 20,149 കിലോ ഭക്ഷ്യവസ്തുക്കൾ നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.