മഹാപ്രളയത്തിന് ശേഷവും പുഴ വെള്ളമില്ലാത്ത നീർച്ചാലായിത്തന്നെ കിടക്കുകയാണ്. പുഴയെ സംരക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടി നടത്തിയാണ് പ്രളയം കടന്നു പോയത്. എന്നാൽ അതും നമുക്ക് പാഠമാകുന്നില്ല.
പുഴകൾക്ക് ഒരു താളമുണ്ട്. കാലത്തിനൊപ്പമൊഴുകുന്ന താളം. മനുഷ്യ സംസ്‌കാരത്തിനൊപ്പമാണ് പുഴയൊഴുകിയത്. മനുഷ്യൻ ജീവിതം കെട്ടിപ്പടുത്തത് പുഴകളെ കൂടി മുന്നിൽ കണ്ടാണ്. ഒരു കാലത്ത് പുഴകളും ജലാശയങ്ങളും ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ വെള്ളമുപയോഗിച്ച് കൃഷിയുണ്ടാക്കി. തലമുറകൾ പുഴകളിലും ജലാശയങ്ങളിലും കുളിച്ചു, ജീവിച്ചു.
കുടിവെള്ളത്തിന് കുറവു വന്നപ്പോൾ നദീജലം ശുദ്ധീകരിക്കപ്പെട്ടു, ദാഹജലമായി മാറി. പുഴയുടെ ഓരോ ചലനങ്ങളുമറിയുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. നദികളെപ്പോൾ കലിതുള്ളുമെന്നും എപ്പോൾ ശാന്തമാകുമെന്നും തിരിച്ചറിഞ്ഞിരുന്ന ഒരു തലമുറ. ഭാരതപ്പുഴയുടെയും ചാലിയാറിന്റെയും കല്ലായിയുടെയും ചന്ദ്രഗിരിയുടെയുമെന്ന പോലെ മലയാള നാട്ടിലെ വലുതും ചെറുതുമായ പുഴകളെല്ലാം മനുഷ്യ മനസ്സറിഞ്ഞാണ് ഒരു കാലത്ത് ഒഴുകിയിരുന്നത്. എന്നാൽ എല്ലാം തകിടം മറിഞ്ഞത് വേഗത്തിലാണ്. മനുഷ്യന് പുഴ അന്യയായപ്പോൾ, പ്രയോജന വാദികളായ മനുഷ്യർ പുഴയെ പിച്ചിച്ചീന്തിയപ്പോൾ പുഴ മറ്റെന്തോ ആയി. പ്രതികാര ദാഹിയായി. മനുഷ്യനെ മരണത്തിന്റെ കയങ്ങളിലേക്ക് പുഴകൾ വലിച്ചു താഴ്ത്തി.
പുഴകൾ മരണക്കയങ്ങളാകുകയാണ്. എല്ലാ നാട്ടിലും ഓർമ്മകളുടെ ചെറിയൊരു ഇടവേള കഴിയുമ്പോൾ മുങ്ങി മരണങ്ങളുടെ പുതിയ ആർത്ത നാദങ്ങളുയുരുന്നു. കുട്ടികൾ, വൃദ്ധർ, അന്യനാടുകളിൽ നിന്ന് ജോലിക്കെത്തിയവർ...അങ്ങനെ. ഇക്കഴിഞ്ഞ അവധി നാളുകളിൽ പാലക്കാട് ജില്ലയിൽ പുഴകളിൽ മാത്രം മുങ്ങി മരിച്ചത് അഞ്ചു പേരാണ്. ഭാരതപ്പുഴയിൽ മൂന്നു കുട്ടികളും അട്ടപ്പാടി പുഴയിൽ രണ്ടു പേരും. ഇത് ചെറിയൊരു കണക്കാണ്. മലബാർ മേഖലയിൽ മാത്രം ഒരു വർഷം ഇരുന്നൂറോളം പേർ പുഴകളിലും ജലാശയങ്ങളിലും മുങ്ങിമരിക്കുന്നു. ഒറ്റപ്പെട്ട മരണങ്ങളും കൂട്ടമരണങ്ങളും ഇതിൽ പെടുന്നു. പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞ പത്തു മാസത്തിനിടെ 120 പേർ മുങ്ങി മരിച്ചുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ഇതിൽ ഏറെയും ഭാരതപ്പുഴയിലാണ്. മലപ്പുറം ജില്ലയിലെ ചാലിയാർ, കടലുണ്ടിപ്പുഴ എന്നിവയും ഇടക്കിടെ മരണ വാർത്ത വിളിച്ചുപറഞ്ഞാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
പുഴകൾക്ക് നിയതമായൊരു സ്വഭാവമുണ്ടായിരുന്നു. ഭാരതപ്പുഴ പോലെ ഭൂരിഭാഗം മേഖലകളിലും മണൽ മാത്രമുണ്ടായിരുന്ന പുഴകൾക്ക് അടിത്തട്ടിന് ഏറെയും പരപ്പായിരുന്നു. കാലങ്ങളായി മലകളിൽ നിന്നൊഴുകിയെത്തിയ വെള്ളത്തിനൊപ്പം മണലും പുഴകളിൽ പരന്നു കിടന്നു. പുഴ തന്നെ മണലുകൊണ്ട് പായ വിരിച്ചു. അപൂർവ്വമായി അങ്ങിങ്ങായി വലിയ കയങ്ങളും. ഈ കയങ്ങളാകട്ടെ, എന്നും അവിടെ തന്നെയുണ്ടായിരുന്നു. പുഴയോര വാസികൾക്ക് ഈ കയങ്ങളെ കുറിച്ചും അറിവുണ്ടായിരുന്നു. കയത്തിലേക്ക് പോകരുതെന്ന് വിരൽ ചൂണ്ടിപ്പറയുന്ന കാരണവൻമാരെ കണ്ടാണ് പഴയ തലമുറയിലെ കുട്ടികൾ വളർന്നത്. കുട്ടികൾ അങ്ങോട്ട് പോകാതിരിക്കാൻ കയത്തിൽ നീരാളികളുണ്ടെന്നും ചീങ്കണ്ണികളുണ്ടെന്നും ഭയപ്പെടുത്തുന്ന കഥകളും കാരണവൻമാർ പറഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടികൾ അങ്ങോട്ട് പോയില്ല. അവർ മണൽപരപ്പിലൂടെ ഒഴുകുന്ന വെള്ളത്തിൽ മാത്രം കുളിക്കാനിറങ്ങി. നാട്ടുകാർ അത്തരം സുരക്ഷിതമായ ഇടങ്ങളിൽ കുളിക്കടവുകളുണ്ടാക്കി. കുടുംബങ്ങൾ കൂട്ടത്തോടെ കുളിച്ചു. പുഴയെ അടുത്തറിഞ്ഞ ജീവിതം. ചതിക്കാതെ ചിരിച്ചൊഴുകിയ പുഴകൾ.
മണൽ തൊഴിലാളികളുടെ തൂമ്പയിൽ കോരുന്ന മണൽ പോരാഞ്ഞ് ജെ.സി.ബി ഇറക്കിയാണ് മനുഷ്യൻ പുഴയെ മാന്തിയെടുക്കാൻ തുടങ്ങിയത്. അതോടെ പുഴയുടെ ഘടന മാറി. പലയിടങ്ങളിലും വലിയ ഗർത്തങ്ങളായി. വെള്ളം ഗർത്തങ്ങളിൽ മാത്രമായൊതുങ്ങി. മണൽക്കടത്തിനൊപ്പം പുഴയുടെ സംസ്‌കാരവും മാറി. കുളിക്കടവുകൾ അപ്രത്യക്ഷമായി. പുഴയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. വിജനമായ പുഴകളിൽ ലോറികൾ മാത്രം മുരണ്ടു. മണൽ പോയപ്പോൾ ചെളി മാത്രം ബാക്കിയായി. ആദ്യം പുൽക്കാടുകളും പിന്നീട്, മരുഭൂമികളിൽ കാണുന്ന കരിമ്പനകളും വളർന്നു. പ്രേത നഗരം പോലെ നശിപ്പിക്കപ്പെട്ട സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ശവപ്പറമ്പായി പുഴകൾ മാറി.
നിയമം ഇവിടെയും ഏറെ വൈകിയാണ് എത്തിയത്. സംരക്ഷണത്തിന്റെ പ്ലക്കാർഡുകൾ ഉയർന്നപ്പോഴേക്കും പുഴ ആവസാന ശ്വാസം വലിച്ചുതുടങ്ങിയിരുന്നു. വികൃതമാക്കപ്പെട്ട തരിശു നിലമായി അവ മാറി. കാലവർഷത്തിലൊഴുകിയെത്തിയ വെള്ളം നേരെ കടലിലേക്കൊഴുകി. പുഴയോരങ്ങളിൽ കയ്യേറ്റങ്ങളുടെ ഘോഷയാത്രകൾ അപ്പോഴും തുടർന്നുകൊണ്ടിരുന്നു.
പുഴ കാണാൻ അന്യ നാടുകളിൽ നിന്നെത്തുന്നവരാണ് ഏറെയും മുങ്ങി മരിക്കുന്നത്. അവധിക്കാലങ്ങളിൽ മരണ സംഖ്യ കൂടുന്നു. പുഴയോരത്തെ വീടുകളിൽ വിരുന്നെത്തുന്ന, ദൂരദിക്കുകളിൽ നിന്നെത്തുന്ന കുടുംബാംഗങ്ങളാണ് ഇരകളിലധികവും. പുഴയെ കുറിച്ച് ഒന്നു മറിയാത്തവർ പുഴയിലേക്കിറങ്ങുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങൾ. തീരവാസികൾക്ക് പോലും പുഴയുടെ ഘടനയെ കുറിച്ച് ഇപ്പോൾ അറിയില്ല. അതിനു മാത്രം പുഴകൾ വികൃതമാക്കപ്പെട്ടു. മണലെടുത്തുണ്ടായ ഗർത്തങ്ങളുടെ ആഴമറിയാതെ പുഴയിലേക്കിറങ്ങുന്നവർ മരണത്തിലേക്കാണ് വലിച്ചിഴക്കപ്പെടുന്നത്.
പുഴയിൽ സുരക്ഷയൊരുക്കുന്നതിന് സർക്കാരുകളും പഞ്ചായത്തുകളും ശ്രദ്ധ ചെലുത്താറുമില്ല. പുഴ കാണാനെത്തുന്നവർക്ക് സുരക്ഷിതമായ ഇടങ്ങൾ നിർമിച്ചു കൊടുക്കേണ്ടതുണ്ട്. ഇതിനായി പഠനങ്ങൾ നടക്കേണ്ടതുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. നശിപ്പിക്കപ്പെട്ട പുഴ അപകടങ്ങളുടെ താവളമായി നിലനിർത്തുകയല്ല വേണ്ടത്. പുഴ ജനങ്ങൾക്ക് കാണാനുള്ളതുമാണ്, ആവശ്യമെങ്കിൽ സുരക്ഷിതമായി കുളിക്കാനുള്ളതുമാണ്. നദീസംരക്ഷണ സമിതികളും അവക്കായി പ്രത്യേക ഫണ്ടുകളും വർഷങ്ങൾക്ക് മുമ്പേ നിലവിൽ വന്നതാണ്. എന്നാൽ പുഴയിൽ സുരക്ഷിതമായ ഇടങ്ങളൊരുക്കുന്നതിന് ഈ സമിതികൾക്ക് ഇനിയുമായിട്ടില്ല. പുഴകളിലെ അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷാ മുന്നറിയിപ്പുകൾ നൽകണം. സുരക്ഷിതമല്ലാത്ത ഇടങ്ങളിലൂടെ പുഴയിലേക്ക് കടക്കുന്നത് കർശനമായി തടയണം. കുട്ടികളിൽ നീന്തൽ പരിശീലനം നിർബന്ധിതമാക്കണം. ഇതിനായി വിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതികൾ തയ്യാറാക്കണം.
പുഴകളിലെ കൃത്രിമമായ ജല ക്രമീകരണം പലപ്പോഴും അശാസ്ത്രീയമാണ്. ജലസംഭരണത്തിനായി നിർമിച്ച ഡാമുകളും തടയണകളും പലപ്പോഴും ദുരന്തങ്ങൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. പുഴകളുടെ വൃഷ്ടിപ്രദേശങ്ങളായ മലവാരങ്ങളിൽ മാത്രം മഴപെയ്താൽ പോലും പുഴകളിൽ പെട്ടെന്നുള്ള ജലപ്രവാഹമുണ്ടാകും. ഇത് മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഫലപ്രദമല്ല. പലപ്പോഴും കുടിവെള്ള പദ്ധതികളുടെ ആവശ്യങ്ങൾക്കായി ഡാമുകളിൽ വെള്ളം അനവസരത്തിലും കെട്ടിനിർത്തുന്ന പ്രവണതയുണ്ട്. വെള്ളം എപ്പോൾ ഒഴുക്കിക്കളയണമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോഴും മാറിയിട്ടില്ല. മാത്രമല്ല, പുഴയിലെ ജലമൊഴുക്കിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സ്ഥിരം സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല.
മഹാപ്രളയത്തിന് ശേഷവും പുഴ വെള്ളമില്ലാത്ത നീർച്ചാലായിത്തന്നെ കിടക്കുകയാണ്. പുഴയെ സംരക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടി നടത്തിയാണ് പ്രളയം കടന്നു പോയത്. എന്നാൽ അതും നമുക്ക് പാഠമാകുന്നില്ല.
പുഴകളുടെ മാറിയ ഘടനകളെ കുറിച്ച് പ്രാദേശിക തലത്തിലുള്ള പഠനങ്ങളാണ് ആവശ്യം. ആ പഠനങ്ങൾക്കനുസരിച്ച് ഒരോ പഞ്ചായത്തിലും സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തണം. അവിടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി ജനങ്ങൾക്ക് പുഴ കാണാനും ആസ്വദിക്കാനും സൗകര്യമൊരുങ്ങണം. അപ്പോൾ മാത്രമേ പുഴകൾ മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചു വരൂ. പുഴകൾ പ്രതികാര ദാഹത്തോടെ ജീവിതങ്ങളെ കയങ്ങളിലേക്ക് വലിച്ചെറിയാതിരിക്കൂ.