കൊച്ചി- ഇന്ത്യൻ ഭരണഘടന പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിന് സമ്പൂർണ്ണ പിന്തുണയെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. അനേകം ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ ഭരണഘടന പ്രതിഷ്ഠയായുള്ള ആരാധനാലയം എന്ന ആശയം പങ്കുവെച്ചത് എഴുത്തുകാരി കെ.ആർ മീരയായിരുന്നു. ഇതിന് പിന്തുണയുമായാണ് സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തിയത്.
സന്ദീപാനന്ദഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ മുഖ്യമന്ത്രിയോടൊപ്പമുള്ള നാം മുന്നോട്ട് സംവാദ പരിപാടിയിൽ പങ്കെടുത്ത് തിരിച്ച് പോരാൻ നേരത്ത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആർ.മീര ഒരു പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിനെക്കുറിച്ച് പറയുകയുണ്ടായി.
മീരയുടെ ഈ മഹാക്ഷേത്ര സങ്കല്പത്തെക്കുറിച്ച് കേട്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് സ്വാമി വിവേകാനന്ദന്റെ ഭാരതീയരോടുള്ള തീപ്പൊരി ആഹ്വാനമായിരുന്നു.
അതുടനെ മീരയുമായി പങ്കുവെച്ചു;
'അല്ലയോ ജനങ്ങളേ നിങ്ങളുടെ മനസ്സിൽ നിന്ന് നിങ്ങളുടെ ഇഷ്ടദേവതാ മൂർത്തിയെ തൂത്തെറിഞ്ഞ് ഇനിയൊരമ്പത് വർഷക്കാലത്തേക്ക് ഭാരതാംബയുടെ സ്വാതന്ത്ര്യമെന്ന മൂർത്തിയെ പ്രതിഷ്ഠിക്കൂ.'
മീര പറഞ്ഞത് നൂറുശതമാനം ശരിയാണ്.
മനോഹരമായ ആശയവുമാണ്..
അനേകം ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ ഭരണഘടയെ ആരാധിക്കുന്ന ഒരുക്ഷേത്രം.
അവിടെ പ്രതിഷ്ഠ ഭരണഘടന തന്നെ.
ജനാധിപത്യ വിശ്വാസികളായിരിക്കും പ്രതിഷ്ഠക്ക് പ്രാണനേകുന്ന തന്ത്രി.
ജനാധിപത്യ വിശ്വാസമുള്ളവർക്കുമാത്രം ക്ഷേത്ര പ്രവേശനം.
പ്രതിഷ്ഠയുടെ മൂലമന്ത്രം 'സത്യമേവ ജയതേ.'
അഹിംസ,ശാന്തി,സത്യം,ദയ തുടങ്ങിയ വാടാ മലരുകളായിരിക്കും അർച്ചനാ പുഷ്പങ്ങൾ.
പ്രസാദമായി ലഭിക്കുന്നത് മനസ്സമാധാനം തന്നെയായിരിക്കും.
നട തുറപ്പ് വന്ദേമാതരത്തോടും നടയടപ്പ് ജനഗണ മനയോടുകൂടിയും.
വർഷത്തിൽ രണ്ട് ഉത്സവം ജനുവരി 26 ഓഗസ്റ്റ് 15.
രാഷ്ട്രശില്പികളുടെ ജന്മദിനത്തിൽ വിശേഷ പൂജകൾ..
മീരയുടെ ആശയത്തിന് കട്ടസപ്പോർട്ട്....