Sorry, you need to enable JavaScript to visit this website.

സ്‌പോൺസറായി അഡിഡാസ്; ഞെട്ടിച്ച് റയൽ കശ്മീർ

അഡിഡാസ് ജഴ്‌സി ധരിച്ച റയൽ കശ്മീർ കളിക്കാരുടെ പ്രൊമോ ചിത്രം.

ന്യൂദൽഹി - സ്‌പോൺസർഷിപ്പിന്റെ കാര്യത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഐ-ലീഗിലെ നവാഗത ക്ലബായ റയൽ കശ്മീർ. ആഗോള സ്‌പോർട്‌സ് വെയർ ഭീമന്മാരായ അഡിഡാസാണ് കശ്മീരിൽ നിന്നുള്ള ആദ്യ ഐലീഗ് ക്ലബിന്റെ കിറ്റ് സ്‌പോൺസർ ചെയ്യുന്നത്. ഗ്ലാമറും താരപ്രഭയുമുള്ള ഐ.എസ്.എൽ ക്ലബുകൾക്കോ, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ഐലീഗ് ക്ലബുകൾക്കോ സ്വപ്‌നം പോലും കാണാൻ കഴിയാത്ത നേട്ടം.
സ്‌പോൺസർഷിപ്പിന്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. എങ്കിലും ടീമിന്റെ കിറ്റ് സ്‌പോൺസർ ചെയ്യുന്നത് അഡിഡാസാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു. റയൽ കശ്മീരിനെ സംബന്ധിച്ചിടത്തോളം അസുലഭ മുഹൂർത്തമാണിതെന്ന് ക്ലബിന്റെ സഹ ഉടമയായ ഷമീം മിറാജ് പറഞ്ഞു. 
എങ്ങനെയാണ് ഈ സ്‌പോൺസർഷിപ്പ് ഉണ്ടായതെന്ന ചോദ്യത്തിന് ഞങ്ങൾ ഒരു വമ്പൻ സ്‌പോൺസറെ കിട്ടാൻ ശ്രമിച്ചു, അവർക്ക് നമ്മളിലേക്കാത്താൻ അവരുടേതായ കാരണമുണ്ടാകും എന്നായിരുന്നു മറുപടി. ഒരാൾ മറ്റൊരാളുടെ പിന്നാലെ കൂടുകയും സമ്മർദം ചെലുത്തുകയും ചെയ്യുക എന്നത് ഇവിടെ സംഭവിച്ചില്ല. ഞങ്ങളവരെ നിരാശപ്പെടുത്തില്ല, ഐലീഗിൽ റയൽ കശ്മീർ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തുടർന്നു. അഡിഡാസ് സ്‌പോൺസർമരായി എത്തുന്നതോടെ റയൽ കശ്മീർ ഐലീഗ് ജേതാക്കളാവാൻ സാധ്യതയുള്ള ടീമായി പരിഗണിക്കപ്പെടുമെന്ന് മറ്റൊരു ഉടമയായ സന്ദീപ് ചാറ്റൂ പറഞ്ഞു. ഈ മാസം 26ന് ആരംഭിക്കുന്ന ഐലീഗ് സീസണൽ റയൽ കശ്മീരിന്റെ ആദ്യ മത്സരം മിനർവ പഞ്ചാബിനെതിരെയാണ്, 31ന്. ആദ്യ ഹോം മത്സരം ചർച്ചിൽ ബ്രദേഴ്‌സിനെതിരെ നവംബർ ആറിനും. നവംബർ 20ന് മോഹൻ ബഗാനെ ഹോം മത്സരത്തിൽ നേരിടുന്നുണ്ട് കശ്മീർ. ശ്രീനഗറിലാണ് റയൽ കശ്മീരിന്റെ ഹോം ഗ്രൗണ്ട്. 
അഡിഡാസ് സ്‌പോൺസർമരായി വന്നതിൽ ടീം ക്യാപ്റ്റൻ ദനീഷ് ഫാറൂഖ് ആവേശഭരിതനാണ്. ഇതൊരു സ്വപ്‌നസാഫല്യമാണെന്നും, ഇനി കളിക്കളത്തിൽ കഴിവ് തെളിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഫാറൂഖ് പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങൾക്കശേഷമേ ടീമിന്റെ യഥാർഥ നിലവാരം വിലയിരുത്താനാവൂവെന്ന് സ്‌കോട്ട്‌ലാൻഡുകാരനായ കോച്ച് ഡേവിഡ് റോബർട്‌സൺ പറഞ്ഞു. 
വിഘടന വാദത്തിന്റെയും, ഭീകര പ്രവർത്തനത്തിന്റെയും പേരിൽ വാർത്തകളിൽ നിറയുന്ന കശ്മീരിൽ നിന്ന് ഇനി ഫുട്‌ബോൾ കമ്പത്തിന്റെ വാർത്തകളും നിറയും.
 

Latest News