മഡ്രീഡ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരങ്ങളുടെ മറ്റൊരു റൗണ്ട് ഇന്ന് ആരംഭിക്കാനിരിക്കെ ചാമ്പ്യന്മാരായ റയൽ മഡ്രീഡ് പ്രതിസന്ധി മുനമ്പിൽ. കഴിഞ്ഞ അഞ്ചു കളികളിൽ നാലും അവർ തോറ്റു.
വിക്ടോറിയ പൾസനെതിരെ സ്വന്തം ഗ്രൗണ്ടിലെ മത്സരം സാധാരണ ഗതിയിൽ റയലിന് ആശങ്ക സമ്മാനിക്കേണ്ടതില്ല. എന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് റയൽ. കോച്ച് ജൂലൻ ലോപറ്റേഗിക്ക് ഏതു നിമിഷവും തൊപ്പി തെറിച്ചേക്കാമെന്ന അവസ്ഥയാണ്. ചാമ്പ്യൻസ് ലീഗിൽ സി.എസ്.കെ.എ മോസ്‌കോയോട് 0-1 ന് തോറ്റ ടീം തുടർന്ന് ദുർബലരായ ടീമുകൾക്കെതിരെ രണ്ട് സ്പാനിഷ് ലീഗ് മത്സരങ്ങളിൽ കീഴടങ്ങി. ഞായറാഴ്ച സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുകയാണ് റയൽ.
റയലിന്റെ പഴയ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് ഇത് നൊസ്റ്റാൾജിയ കാലമാണ്. തന്റെ പഴയ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടാനെത്തുകയാണ് യുവന്റസ് താരം. യുനൈറ്റഡിനെതിരായ കഴിഞ്ഞ രണ്ടു കളിയിലും ക്രിസ്റ്റ്യാനൊ സ്‌കോർ ചെയ്തിരുന്നു. 2009 ലാണ് യുനൈറ്റഡിൽ നിന്ന് റൊണാൾഡൊ റയലിലെത്തിയത്.