ചിറ്റൂർ- ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തി പ്രതി പോലീസിൽ കീഴടങ്ങി. മാഞ്ചിറ ജെ.ടി.എസിന് സമീപം താമസിക്കുന്ന കണ്ടന്റെ മകൻ മാണിക്കനാണ് ഭാര്യ കുമാരി (35), മക്കളായ മനോജ് (15), മേഘ (11) എന്നിവരെ ഉറങ്ങിക്കിടക്കവെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടികൾ രണ്ടു പേരും കട്ടിലിലും കുമാരി കട്ടിലിനു താഴെ നിലത്തും വെട്ടേറ്റു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. സംഭവത്തിനു ശേഷം ഇന്നലെ രാവിലെ ഏഴു മണിയോടെ പ്രതി ചിറ്റൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
മനോജ് കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയും മേഘ ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹൈസ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. അമ്മ വീട്ടിൽ താമസിച്ചു പഠിക്കുന്ന മനോജിനെ കഴിഞ്ഞ പൂജ അവധിക്ക് അമ്മ മാഞ്ചിറയിലേക്ക് കൂട്ടിക്കൊണ്ടു വന്നതായിരുന്നു. കരിഞ്ഞാലിപ്പള്ളത്ത് സ്വന്തം വീടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി മാഞ്ചിറയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. കരിഞ്ഞാലിപ്പള്ളത്തെ വീടിന്റെ വാസ്തു ശരിയല്ല എന്നതിന്റെ പേരിലാണത്രെ മാഞ്ചിറയിൽ വാടകക്ക് താമസം തുടങ്ങിയത്.
കുടുംബ വഴക്കിനെ തുടർന്ന് കുറെ കാലം കുമാരി കൊല്ലങ്കോട് വട്ടേക്കാടുള്ള സ്വന്തം വീട്ടിലായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകുമായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. തുണി അലക്കു തൊഴിലാളികളാണ് ഇരുവരും. കുമാരി വീട്ടുജോലികൾക്കും പോകും.
ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എസ്.പി ദേബേഷ് കുമാർ ബെഹ്‌റ, ഡിവൈ.എസ്.പി വിജയകുമാർ എന്നിവർ സ്ഥലത്തെത്തി. ചിറ്റൂർ സി.ഐ വി.ഹംസക്കാണ് അന്വേഷണച്ചുമതല.