റിയാദ് - അടുത്ത മാസം ഏഴു മുതൽ അൽജൗഫിലേക്ക് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് സൗദി റെയിൽവേ കമ്പനി (സാർ) അറിയിച്ചു. അൽജൗഫ് റെയിൽവേ സ്റ്റേഷൻ പ്രവർത്തന സജ്ജമായിട്ടുണ്ടെന്ന് സാർ സി.ഇ.ഒ ഡോ.ബശാർ അൽമാലിക് പറഞ്ഞു. അൽജൗഫ് സ്റ്റേഷനിലേക്ക് രാത്രികാല സർവീസുകൾ നടത്തുന്നതിന് സാർ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അൽജൗഫ് സ്റ്റേഷന്റെ സുസജ്ജത ഉറപ്പു വരുത്തുന്നതിന് ഗതാഗത മന്ത്രിയും സാർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ.നബീൽ അൽആമൂദി സന്ദർശനം നടത്തിയിട്ടുണ്ട്. ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് അൽജൗഫിൽ സാമ്പത്തിക, സാമൂഹിക വികസനത്തിന് സഹായകമാകുമെന്ന് ഡോ.ബശാർ അൽമാലിക് പറഞ്ഞു.
ഉറങ്ങുന്നതിനുള്ള കംപാർട്ട്‌മെന്റുകൾ രാത്രികാല ട്രെയിനുകളിലെ കോച്ചുകളിലുള്ളതായി സാർ കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി അമ്മാർ അൽനഹ്ദി പറഞ്ഞു. യാത്രക്കാരുടെ കാറുകൾ കയറ്റുന്നതിനുള്ള കോച്ചുകളും വികലാംഗർക്കുള്ള പ്രത്യേക സ്ഥലങ്ങളും രാത്രികാല സർവീസ് നടത്തുന്ന ട്രെയിനുകളിലുണ്ട്. ഉറങ്ങുന്നതിനുള്ള 24 കംപാർട്ട്‌മെന്റുകൾ 96 പേർക്ക് യാത്ര ചെയ്യുന്നതിന് വിശാലമാണ്. രാത്രികാല ട്രെയിനിൽ ആകെ 377 സീറ്റുകളാണുള്ളത്. ഇതിൽ 43 സീറ്റുകൾ ബിസിനസ് ക്ലാസും 238 എണ്ണം ഇക്കോണമി ക്ലാസുമാണ്. ട്രെയിനിൽ വൈഫൈ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. യാത്രയെ കുറിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്‌ക്രീനുകളും ട്രെയിനുകളിലുണ്ട്. ട്രെയിനുകളിൽ പാൻട്രികാറും നമസ്‌കാരത്തിനുള്ള സ്ഥലങ്ങളുമുണ്ട്. സാർ വെബ്‌സൈറ്റും ആപ്ലിക്കേഷനും കോൾ സെന്ററും വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് സാധിക്കും. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനുകളെ നേരിട്ട് സമീപിച്ചും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് അമ്മാർ അൽനഹ്ദി പറഞ്ഞു.
ധനമന്ത്രാലയത്തിനു കീഴിലെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള സൗദി റെയിൽവേ കമ്പനിക്കു കീഴിൽ തെക്കുവടക്കു പാതയിൽ ഗുഡ്‌സ് ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും ഓരോ പാതകളാണുള്ളത്. ഗുഡ്‌സ് പാതയിൽ 2011 ൽ സർവീസ് ആരംഭിച്ചിരുന്നു. റിയാദ്, മജ്മ, അൽഖസീം സ്റ്റേഷനുകൾക്കിടയിൽ 2017 ഫെബ്രുവരി 26 നും ഹായിൽ സ്റ്റേഷനിലേക്ക് 2017 നവംബർ 26 നും പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. അടുത്ത വർഷാവസാനത്തോടെ അൽഖുറയ്യാത്തിലേക്കും ട്രെയിൻ സർവീസ് ആരംഭിക്കും. ഇതോടെ തെക്കു, വടക്കു പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസ് പദ്ധതി പൂർത്തിയാകും.