ദുബായ- സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തിപകരാന്‍ ദുബായിലെ വിദ്യാര്‍ഥികള്‍ സ്വന്തം മുടി മുറിച്ചു ദാനം ചെയ്തു. അല്‍ഖൂസ് ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് വിദ്യയുടെ ലോകത്ത് സാന്ത്വനത്തിന്‍റെ പുത്തന്‍ പാഠം എഴുതിച്ചേര്‍ത്തത്. പ്രിയപ്പെട്ട ഒരു കളിപ്പാട്ടം പോലെ കരുതലോടെ വച്ച നീളന്‍ മുടി മുറിച്ചുമാറ്റാന്‍ ഈ കൊച്ചുകൂട്ടുകാര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. അര്‍ബുദ രോഗികള്‍ക്ക് വെപ്പുമുടി നിര്‍മിക്കാനാണ് ഇതുപയോഗിക്കുക.
പിങ്ക് നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് സ്കൂളിലെത്തിയ 31 വിദ്യാര്‍ഥിനികള്‍ സ്തനാര്‍ബുദ ബോധവത്കരണ പരിപാടിയില്‍വെച്ചാണ് മുടി മുറിച്ചുനല്‍കിയത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മൂന്നു രക്ഷിതാക്കളും മുടി ദാനം ചെയ്തു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളും പങ്കുചേരുന്നുവെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യ സ്ഥാപക പ്രേമി മാത്യു മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ലളിതാ സുരേഷ്, കൊ ഓര്‍ഡിനേറ്റര്‍ നിഷാ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.