Sorry, you need to enable JavaScript to visit this website.

ശ്രീധരൻ പിള്ളയുടെ പ്രസ്താവന ശരിയല്ല -രമേശ് ചെന്നിത്തല 

തിരുവനന്തപുരം- ശബരിമലയിലെ സ്ത്രീ പ്രവേശന വിധി മറികടക്കാൻ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെ പ്രസ്താവന ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
നിയമ നിർമാണം നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. ഇതിനായി ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ബി.ജെ.പി ഭരണഘടന പോലും മറന്നു പോയിരിക്കുന്നു. ആർട്ടിക്കിൾ 252 പ്രകാരം സംസ്ഥാനം പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഇടപെടാനാകൂവെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. എന്നാലത് ശരിയല്ല, ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിലെ നിയമ നിർമാണത്തെ കുറിച്ചാണ് ഈ ആർട്ടിക്കിൾ പറയുന്നത്. ശബരിമല കേരളത്തിന്റെ മാത്രം പ്രശ്‌നമാണ്. അതിനാൽ തന്നെ ബി.ജെ.പിയുടെ വാദം നിലനിൽക്കില്ല. ഭരണഘടനയുടെ കൺകറന്റ് പട്ടികയിലെ ഐറ്റം നമ്പർ 22 ലാണ് മതപരമായ കാര്യങ്ങൾ വരുന്നത്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ നിലപാട് അറിയിച്ച സാഹചര്യത്തിൽ കേരളത്തിന് നിയമ നിർമാണത്തിന് കഴിയില്ല. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശ്രീധരൻ പിള്ള സംസാരിക്കുന്നത്. ശബരിമല വിഷയത്തിൽ 252 ബാധകമല്ല, നിയമസഭ വിളിച്ചുകൂട്ടേണ്ട ആവശ്യമില്ല. ഷാബാനു കേസിൽ നിയമ നിർമാണം കൊണ്ടുവന്നത് സുപ്രീം കോടതി വിധി മറികടക്കാനാണെന്ന് കേന്ദ്രം ബില്ലിൽ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് എടുക്കാത്തതിനെ സംരക്ഷിക്കാനാണ് ശ്രീധരൻ പിള്ളയുടെ ശ്രമം. ഈ നിലപാടിന് നിയമപരമായും ഭരണഘടനാപരമായും നിലനിൽപില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ ഇപ്പോൾ സംഭവിക്കുന്നതിന്റെ എല്ലാം ഉത്തരവാദി സർക്കാരാണ്. പോലീസിന്റെ വിവേകപൂർവമല്ലാത്ത നടപടികൾ ശബരിമലയിൽ സംഘർഷങ്ങൾ വർദ്ധിക്കാനിടയാക്കി. തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും മന്ത്രിമാർ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


 

Latest News