Sorry, you need to enable JavaScript to visit this website.

ഖശോഗി വധം: ഗുരുതര പിഴവ്; കുറ്റവാളികൾ രക്ഷപ്പെടില്ല -ആദിൽ അൽജുബൈർ

റിയാദ്/വാഷിംഗ്ടൺ - സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്ന് വിദേശകാര്യമന്ത്രി ആദിൽ അൽജുബൈർ പ്രസ്താവിച്ചു. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോക്‌സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിദേശമന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. ഖശോഗിയെ വധിച്ച സംഘത്തിലെ ഒരാൾക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി  ബന്ധമില്ല. ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത ക്രൂരകൃത്യമാണ് ജമാൽ ഖശോഗിയുടെ നേർക്കുണ്ടായത്.
ഖശോഗി സൗദി കോൺസുലേറ്റിൽ നിന്ന് പുറത്തിറങ്ങിയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുമായിരുന്നുവെന്ന് ആദിൽ ജുബൈർ പ്രതികരിച്ചു. ഖശോഗിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു. ഗുരുതരമായ പിഴവായിരുന്നു ഖശോഗിയുടെ കൊലപാതകമെന്ന് ആദിൽ അൽജുബൈർ ആവർത്തിച്ചു. 
മൃതശരീരം കണ്ടെത്താനും കൊലപാതകത്തിന്റെ വിശദാംശങ്ങൾ മുഴുവനും വെളിച്ചത്തു കൊണ്ടുവരാനും ഊർജിതമായ അന്വേഷണം നടത്തും. അമേരിക്കയിൽ താമസിച്ചു വന്നിരുന്ന ജമാൽ ഖശോഗിയുടെ കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം നടത്തി വസ്തുതകൾ പ്രസിദ്ധപ്പെടുത്തുമെന്നും ഈ സാഹചര്യം റിയാദും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിക്കില്ലെന്നും സൗദി വിദേശമന്ത്രി വ്യക്തമാക്കി.  
അതേസമയം, ഖശോഗി വിഷയത്തിൽ സൗദി അറേബ്യ സ്വീകരിച്ച നടപടിക്രമങ്ങൾക്ക് ആഗോള തലത്തിൽ പിന്തുണയേറി. വൈറ്റ് ഹൗസ് വക്താവ് സാറ സാന്റേഴ്‌സ്, ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലെ മെയർ, അറബ് ലീഗ്, ജോർദാൻ, പാക്കിസ്ഥാൻ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത്, ഫലസ്തീൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ നീതിപൂർവകമായ നിലപാടാണ് സൗദിയുടേതെന്ന് വ്യക്തമാക്കി. 
 

Latest News