ബാഴ്‌സലോണ- സ്പാനിഷ് ലീഗ് മത്സരത്തിനിടെ വലതു കൈമുട്ടിന് പരിക്കേറ്റ സൂപ്പർ താരം ലിയണൽ മെസ്സിക്ക് മൂന്നാഴ്ചത്തെ വിശ്രമം. അസ്ഥിക്ക് പൊട്ടലേറ്റതിനെത്തുടർന്നാണ് ബാഴ്‌സലോണ താരത്തിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത്. ഇതോടെ അടുത്തയാഴ്ച റയൽ മഡ്രീഡുമായുള്ള ക്ലാസിക്കോയും, ഇന്റർ മിലാനുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുമടക്കം സുപ്രധാന മത്സരങ്ങളിൽ ബാഴ്‌സക്കു വേണ്ടി മെസ്സിക്ക് ഇറങ്ങാനാവില്ല.
ശനിയാഴ്ച രാത്രി സെവിയയുമായുള്ള മത്സരത്തിലാണ് മെസ്സി പരിക്കേറ്റ് വീഴുന്നത്. മത്സരത്തിൽ ഗോളടിച്ച മെസ്സി ബാഴ്‌സയുടെ 4-2 വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഈ വിജയത്തോടെ ബാഴ്‌സ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ വിജയാഹ്ലാദത്തേക്കാൾ മെസ്സിയുടെ പരിക്കിന്റെ ആശങ്കയായിരുന്നു ബാഴ്‌സ ക്യാമ്പിൽ.
പരിശോധനയിൽ മെസ്സിയുടെ വലതു കൈമുട്ടിലെ അസ്ഥിക്ക് പൊട്ടലുള്ളതായി കണ്ടെത്തിയെന്നും, മൂന്നാഴ്ചയെങ്കിലും കളിയിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നും ബാഴ്‌സലോണ പിന്നീട് പ്രസ്താവനയിൽ വ്യക്തമാക്കി.
വരുന്ന ബുധനാഴ്ചയാണ് ഇന്ററുമായുള്ള ഹോം മത്സരം. നവംബർ ആറിന് എവേ മത്സരത്തിനായി ഇറ്റലയിലേക്ക് പോവുകയും വേണം. അതിനിടയിൽ ലാലീഗയിൽ റയലിനെയും, റയോ വയക്കാനോയെയും നേരിടണം. ഇതിലൊന്നും മെസ്സി ബാഴ്‌സ നിരയിൽ ഉണ്ടാവില്ല. മെസ്സിയുടെ അഭാവം വലിയ തിരിച്ചടിയാണെങ്കിലും അതിനെ മറികടക്കാൻ ടീമിന് കഴിയുമെന്ന് ബാഴ്‌സ കോച്ച് ഏണസ്റ്റോ വാൽവെർഡെ പറഞ്ഞു.
കളിയുടെ 25-ാം മിനിറ്റിലാണ് സെവിയ താരം ഫ്രാങ്കോ വാസ്‌ക്വേസുമായി കൂട്ടിയിടിച്ച് മെസ്സി നിലത്തു വീഴുന്നത്. ഇടതു കൈകൊണ്ട് വലതു കൈമുട്ടിൽ പിടിച്ച് മെസ്സി നിലവിളിച്ചപ്പോൾ തന്നെ പരിക്ക് സാരമുള്ളതാണെന്ന് വ്യക്തമായിരുന്നു. ബാഴ്‌സയുടെ മെഡിക്കൽ സ്റ്റാഫ് ഓടിയെത്തി പരിചരണം നൽകിയ ശേഷമാണ് താരത്തെ പുറത്തു കൊണ്ടുപോയത്. തുടർന്ന് ഉസ്മാൻ ദെംബലെയെ കോച്ച് പകരക്കാരനായി ഇറക്കി.
ഈ സമയം 2-0ന് മുന്നിലായിരുന്നു ബാഴ്‌സ. രണ്ടാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ മുന്നിലെത്തിയ ബാഴ്‌സയുടെ രണ്ടാം ഗോൾ മെസ്സിയുടെ വകയായിരുന്നു, പന്ത്രണ്ടാം മിനിറ്റിൽ. രണ്ടാം പകുതിയിൽ പെനാൽറ്റി കിക്കിലൂടെ ലൂയി സുവാരസും, പിന്നീട് ഇവാൻ റാക്കിട്ടിച്ചും സ്‌കോർ ചെയ്തു. പാബ്ലോ സറാബിയയും, ലൂയി മ്യൂറിയലുമാണ് സെവിയക്കു വേണ്ടി സ്‌കോർ ചെയ്തത്. ഈ വിജയത്തോടെ ഒമ്പത് കളികളിൽനിന്ന് 18 പോയന്റുമായാണ് ബാഴ്‌സ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.