മനാമ- മലയാള നാട്ടില്‍പോലും അന്യം നില്‍ക്കുന്ന കലാരൂപം ഗള്‍ഫിലെ മരുഭൂമിയില്‍ ആസ്വാദകരുടെ മനം കവര്‍ന്നു. ഇതാദ്യമായി ബഹ്‌റൈനില്‍ അവതരിപ്പിച്ച കളമെഴുത്തും പാട്ടും കാണാന്‍ നിരവധി പേരെത്തി. സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളിലായിരുന്നു പരിപാടി. കല്ലാറ്റു മണികണ്ഠനും സംഘവും നേതൃത്വം നല്‍കി.
അഞ്ചുതരം വര്‍ണപ്പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തു വരയ്ക്കുന്ന അനുഷ്ഠാന കലയാണു കളമെഴുത്ത്. 225 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കളം ആറ് മണിക്കൂര്‍ കൊണ്ടാണു നാലു പേരടങ്ങിയ കലാകാരന്മാര്‍ വരച്ചുതീര്‍ത്തത്. സോപാനം വാദ്യകലാ സംഘത്തിന്റെ നേതൃത്വത്തില്‍ തായമ്പക, പാണ്ടിമേളം എന്നിവയുണ്ടായിരുന്നു. സാഹിത്യ വിഭാഗം സെക്രട്ടറി മനു മോഹന്‍, കണ്‍വീനര്‍ സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി.