- ബ്ലാസ്റ്റേഴ്സ് 1
- ദൽഹി 1
കൊച്ചി- സി.കെ.വിനീതിന്റെ ഗോൾ കണ്ട് ആവേശം കൊണ്ട മഞ്ഞപ്പടക്ക് ഒടുവിൽ വീണ്ടും നിരാശ. ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തിനായി ഇനിയും കാത്തിരിക്കണം. കഴിഞ്ഞ കളിയിൽ മുംബൈ സിറ്റിയോട് 1-1ന് സമനില പാലിച്ച ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇതേ മാർജിനിൽ ദൽഹി ഡൈനാമോസിനോടും തുല്യത പാലിച്ചു. 48-ാം മിനിറ്റിൽ സി.കെ.വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും 84-ാം മിനിറ്റിൽ ആൻഡ്രിയ കാലുഡെറോവിച്ചിന്റെ ഹെഡ്ഡറിലൂടെ ദൽഹി സമനില പിടിച്ചെടുത്തു. അവസാന മിനിറ്റുകളിൽ കാണിച്ച അലസതയാണ് ഇന്നലെയും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
സമനിലയോടെ വിലപ്പെട്ട രണ്ട് പോയന്റുകൾ നഷ്ടമാവുകയും ചെയ്തു. മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണവർ.
രണ്ട് മാറ്റങ്ങളുമായാണ് കോച്ച് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ ഇന്നലെ കളത്തിലിറക്കിയത്. ഗോളി ധീരജ് സിംഗിനു പകരം നവീൻ കുമാറും പൊപ്ലാൻടികിന് പകരം മലയാളി താരം സി.കെ.വിനീതും കളത്തിലെത്തി. മൂന്ന് വിദേശ താരങ്ങളെ മാത്രം അണി നിരത്തിയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ഹോം മത്സരത്തിന് ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയത്. രണ്ട് മാറ്റങ്ങളാണ് ദൽഹി വരുത്തിയത്. വിനീത് റായിക്ക് പകരം റോമിയോ ഫെർണാണ്ടസും ശുഭം സാരംഗിക്കു പകരം മൈക്കൽ യൂജിനും കളത്തിലെത്തി.
കൊൽക്കത്തക്കെതിരായ ആദ്യ മത്സരത്തിലെന്ന പോലെ ബ്ലാസ്റ്റേഴ്സ് 4-1-4-1 ശൈലിയിലാണ് കളത്തിലെത്തിയത്. ജിംഗാൻ, പെസിച്ച്, റാകിപ്, ലാൽറുവാത്താര എന്നിവർ പ്രതിരോധത്തിൽ അണി നിരന്നപ്പോൾ ഹോൾഡിങ് മിഡ്ഫീൽഡറുടെ റോളിൽ നിക്കോള ക്രമാരാവിച്ച് എത്തി. വിനീതിനെ ഏക സ്ട്രൈക്കറാക്കിയപ്പോൾ സ്റ്റൊയാനോവിച്ച്, ദുംഗൽ, ഹാളിചരൺ നർസരി, സഹൽ അബ്ദുൽ സമദ് എന്നിവർ മിഡ്ഫീൽഡിൽ അണി നിരന്നു. ദൽഹി ഡൈനാമോസ് ഡയമണ്ട് വേരിയേഷനിൽ 4-3-2-1 ശൈലിയിലാണ് കളത്തിലെത്തിയത്.
തുടക്കം മുതൽ ദൽഹിക്കായിരുന്നു പന്തിന്മേൽ ആധിപത്യം. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിരവധി തവണ പരീക്ഷിക്കാൻ അവർക്ക് കഴിഞ്ഞു. രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒരു മുന്നേറ്റം മെനഞ്ഞെങ്കിലും കാര്യമുണ്ടായില്ല. 18-ാം മിനിറ്റിൽ നർസരിയുടെ ബുള്ളറ്റ് ലോംഗ് റേഞ്ചർ നേരിയ വ്യത്യാസത്തിന് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 22-ാം മിനിറ്റിൽ സ്റ്റൊയനോവിച്ചിന്റെ ലോംഗ് റേഞ്ചർ ദൽഹിയുടെ സ്പാനിഷ് ഗോളി ഫ്രാൻസിസ്‌കോ സാഞ്ചസ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. വിങ്ങുകളിൽക്കൂടി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി നവീൻ കുമാറിനെ പരീക്ഷിക്കാനൊന്നും ദൽഹി താരങ്ങൾക്കായില്ല. 25-ാം മിനിറ്റിൽ ലാൽറുവനാത്താരയുടെ ഹാൻഡ്ബോൾ റഫറിയുടെ കണ്ണിൽ പെടാതിരുന്നതിനാൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റിയിൽനിന്ന് രക്ഷപ്പെട്ടു. 28-ാം മിനിറ്റിൽ നാരായൺ ദാസ് എടുത്ത കോർണർ കിക്ക് നവീൻ കുമാർ കയ്യിലൊതുക്കാൻ ശ്രമിച്ചെങ്കിലും പന്ത് വഴുതി വീണു. കലുഡെറോവിച്ച് വലയിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പേ നവീൻ അപകടമൊഴിവാക്കി. 33-ാം മിനിറ്റിൽ സഹലിന്റെ നീളൻ പാസ് പിടിച്ചെടുത്ത് വിനീത് പായിച്ച ഇടംകാലൻ ഷോട്ടും പുറത്തേക്ക് പറന്നു. അധികം കഴിയും മുമ്പേ മറ്റൊരു സുവർണാവസരം ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തി. ഇടതു വിംഗിൽക്കൂടി മുന്നേറിയ ലാൽറുവാത്താര ബോക്സിലേക്ക് നൽകിയ ക്രോസ് ദൽഹി താരം ക്ലിയർ ചെയ്തെങ്കിലും പന്ത് കിട്ടിയത് വിനീതിന്റെ കാലുകളിൽ. തിടുക്കം കൂട്ടി വിനീത് പായിച്ച ഷോട്ട് ദൽഹി പ്രതിരോധ നിര താരം വീണ്ടും രക്ഷപ്പെടുത്തി. ഇത്തവണ പന്ത് കിട്ടിയത് സ്റ്റൊയാനോവിച്ചിന്റെ കാലുകളിൽ. പക്ഷെ സ്റ്റൊയാനോവിച്ച് പായിച്ച ഷോട്ട് നെറ്റിന്റെ സൈഡിലാണ് പതിച്ചത്.
41-ാം മിനിറ്റിൽ നല്ലൊരു സുവർണാവസരം ദൽഹി തുലച്ചു. റോമിയോ ഫെർണാണ്ടസ് ബോക്സിനുള്ളിൽ നിന്ന് നൽകിയ പാസ് മൈക്കൽ യൂജിൻ പുറത്തേക്കടിച്ചു കളയുകയായിരുന്നു. തൊട്ടു പിന്നാലെ ലഭിച്ച കോർണർ മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനും കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ദൽഹിക്ക് 12 കോർണറുകൾ ലഭിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് രണ്ടെണ്ണം.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നർസരിയെ പിൻവലിച്ച് ഡേവിഡ് ജെയിംസ് സ്ലൊവേനിയൻ താരം മാറ്റേയ് പൊപ്ലാൻടിക്കിനെ കളത്തിലിറക്കി. ഇതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് വേഗം കൂടി. തുടക്കത്തിൽ തന്നെ രണ്ട് കോർണറുകൾ. രണ്ടാം കോർണറിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളും പിറന്നു. സ്റ്റൊയാനോവിച്ച് എടുത്ത കോർണർ കിട്ടിയ പൊപ്ലാൻടിക് വലയിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പന്ത് കിട്ടിയ വിനീത് ഒന്നു തിരിഞ്ഞ ശേഷം പായിച്ച ഇടംകാലൻ ഷോട്ട് വലയിൽ (1-0). തൊട്ടുപിന്നാലെ ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും കഴിഞ്ഞില്ല. സഹൽ നൽകിയ നല്ലൊരു ക്രോസിൽനിന്ന് ദുംഗൽ പായിച്ച ഹെഡർ ദൽഹി ഗോളി ഉജ്വലമായി കൈപ്പിടിയിലൊതുക്കി. അധികം കഴിയും മുൻപേ ദുംഗൽ മറ്റൊരവസരം കൂടി നഷ്ടപ്പെടുത്തി. വിനീത് നൽകിയ പാസ് പുറത്തേക്കടിച്ചു കളഞ്ഞു. 59-ാം മിനിറ്റിൽ സഹലിന്റെ ലോങ്റേഞ്ച് ഷോട്ടും നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. 63-ാം മിനിറ്റിൽ പൊപ്ലാൻടിക്കിന്റെ ഒരു ലോങ് പാസ് പിടിച്ചെടുത്ത വിനീത് ബോക്സിനുള്ളിൽ നിന്ന് ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം പിഴച്ചു കോർണറായി. ഈ കോർണർ കിക്കിനും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. 69-ാം മിനിറ്റിൽ സഹലിനു പകരം മറ്റൊരു മലയാളി താരം പ്രശാന്തിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കി. 73-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം ഒന്ന് വിറച്ചുവെങ്കിലും നവീൻ കുമാറിന്റെയും നായകൻ ജിങ്കന്റെയും അവസരോചിത ഇടപെടൽ അപകടം ഒഴിവാക്കി. 78-ാം മിനിറ്റിൽ ദുംഗലിനു പകരം കിസിറോൺ കിസിറ്റോ മൈതാനത്തെത്തി.
84-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ പിഴവിൽ നിന്ന് ദൽഹി സമനില കണ്ടെത്തി. പ്രീതം കോട്ടൽ നൽകിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ കലുഡെറോവിച്ച് വലയിലെത്തിക്കുകയായിരുന്നു (1-1). അവസാന മിനിറ്റിൽ ദൽഹിക്ക് മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 29ന് ജംഷഡ്പൂർ എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.