കയ്‌റോ- രണ്ടര ലക്ഷത്തോളം റിയാൽ അടങ്ങിയ ബാഗ് കയ്‌റോ എയർപോർട്ടിലെ ജീവനക്കാരന്റെ സത്യസന്ധത മൂലം ഉടമയായ സൗദി പൗരന് തിരിച്ചുകിട്ടി. ഈജിപ്ത് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്ന് കയ്‌റോയിലെത്തിയ സൗദി പൗരന്റെ പണമടങ്ങിയ ബാഗ് വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. കയ്‌റോ എയർപോർട്ടിലെ ശുചീകരണ ജോലികളുടെ കരാറേറ്റെടുത്ത സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജീവനക്കാരനാണ് ബാഗ് കളഞ്ഞു കിട്ടിയത്. ബാഗിനകത്ത് 2,40,000 സൗദി റിയാലുണ്ടായിരുന്നു. വൻ തുക കണ്ടെത്തിയ ജീവനക്കാരൻ ഉടൻ തന്നെ ഇത് എയർപോർട്ട് പോലീസിന് കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് അന്വേഷിച്ചെത്തിയ സൗദി പൗരന് പോലീസ് പിന്നീട് ബാഗ് തിരിച്ചുനൽകി.