റിയാദ്- ജമാൽ ഖശോഗിയുടെ മരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നടത്തിയ പ്രഖ്യാപനം നല്ല ചുവടുവെപ്പാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. സൗദി അറേബ്യയുടെ പ്രഖ്യാപനം ഏറെ മികച്ചതാണ്. ഇത് വിശ്വാസയോഗ്യവുമാണ്. ഖശോഗി കേസുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികൾ സത്യസന്ധമായാണ് പെരുമാറിയത്. സൗദി അന്വേഷണത്തിൽ മൂന്നാമതൊരു കക്ഷിയും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഖശോഗി തിരോധാനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നൽകിയ വിശദീകരണം വിശ്വസിക്കാവുന്നതാണ്.
അടുത്ത നടപടി സ്വീകരിക്കുന്നതിനു മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. സൗദി അറേബ്യ അമേരിക്കയുടെ വലിയ സഖ്യമാണ്. എന്നാൽ ഖശോഗിക്ക് സംഭവിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനു മുന്നിൽ ശാക്തിക സന്തുലനം സാക്ഷാൽക്കരിക്കുന്നതിന് അമേരിക്കക്ക് സൗദി അറേബ്യയെ ആവശ്യമാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
ജമാൽ ഖശോഗി കൊല്ലപ്പെട്ടതിൽ അമേരിക്കക്ക് ദുഃഖമുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഖശോഗിയുടെ കുടുംബത്തെയും പ്രതിശ്രുത വധുവിനെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും വൈറ്റ് ഹൗസ് വക്താവ് സാറ സാന്റേഴ്‌സ് പറഞ്ഞു. സൗദി അറേബ്യയുടെ പ്രഖ്യാപനത്തിലൂടെ ഖശോഗിക്ക് സംഭവിച്ച കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്ക മനസ്സിലാക്കുന്നതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.