Sorry, you need to enable JavaScript to visit this website.

മരുന്നടി: ഇന്ത്യൻ ഹോക്കി ഗോളി  ആകാശ് ചിക്തെക്ക് രണ്ടു വർഷം വിലക്ക്

ആകാശ് ചിക്തെ

ന്യൂദൽഹി- നിരോധിത ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ ഇന്ത്യൻ ഹോക്കി ഗോളി ആകാശ് ചിക്തേക്ക് രണ്ട് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് (നഡ) നടപടി. ചിക്തെ മാർച്ച് 27 മുതൽ സസ്‌പെൻഷനിലായിരുന്നു. ഒക്‌ടോബർ എട്ടിന് ഉത്തേജക വിരുദ്ധ അച്ചടക്ക സമിതിയുടെ അവസാന ഹിയറിംഗിനു ശേഷമാണ് അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
ബംഗളൂരുവിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ കോച്ചിംഗ് ക്യാമ്പിനിടെ ഈ വർഷം 27ന് ചിക്തേയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ നിരോധിത ഉത്തേജകമായ നൊറാൻഡ്രോസ്റ്റിറോൺ കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പിൾ ശേഖരിച്ചത് മത്സരങ്ങൾ നടക്കുന്ന വേളയിലായിരുന്നില്ലെന്നും, മനഃപൂർവം ഉത്തേജകം ഉപയോഗിച്ചതല്ലെന്നും, ഇടതു കാൽപാദത്തിലെ പരിക്കിന് താൻ മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നുമായിരുന്നു ചിക്തേയുടെ വാദം. ഇതുപക്ഷേ അച്ചടക്ക സമിതി അംഗീകരിച്ചില്ല. 
മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റനും ഒളിംപ്യനുമായ ജഗ്ബീർ സിംഗ് കൂടി അംഗമായ അച്ചടക്ക സമിതി ഏറ്റവും കുറഞ്ഞ ശിക്ഷയായ രണ്ടു വർഷം വിലക്കാണ് ചിക്തേക്ക് വിധിച്ചത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും, ഏഷ്യാ കപ്പിലും കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ചിക്തേ.
ചിക്തേക്കു പുറമെ വിവിധ ഇനങ്ങളിലായി ആറ് കായിക താരങ്ങൾക്ക് ആറ് വർഷത്തെ വിലക്കും നഡ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത ഉത്തേജകം ഉപയോഗിച്ചതിനാണ് ഇവർക്കെതിരെയും നടപടി. ഗുസ്തി താരം അമിത്, കബഡി താരം പ്രദീപ് കുമാർ, ഭാരോദ്വഹന താരം നാരായൺ സിംഗ്, അത്‌ലറ്റുകളായ സൗരഭ് സിംഗ്, ബൽജീത് സിംഗ്, സിമർജിത് കൗർ എന്നിവർക്കെതിരെയാണ് നടപടി.
വിധിക്കെതിരെ അപ്പീൽ പാനലിനെ സമീപിക്കാൻ എല്ലാവർക്കും മൂന്നാഴ്ച സമയമുണ്ട്. അപ്പീൽ പാനൽ മുമ്പാകെ ചിക്തേക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്ന് നഡ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

 

Latest News