മലപ്പുറം-വൈദ്യുതി ബോർഡിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തത് കാരണം വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നു. ഈ വർഷം മാത്രം 14 പേർ ഇത്തരത്തിൽ മരിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേർ കെഎസ്ഇബി കരാർ ജീവനക്കാരും 12 പേർ പൊതുജനങ്ങളുമാണ്. ഇതിനു പുറമെ 12 പേർക്ക് മാരകമായ അപകടങ്ങൾ പറ്റി. അഞ്ചു മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. കച്ചവട സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ 20 തീപ്പിടിത്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കരുളായിയിൽ ഇരുമ്പു ദണ്ഡ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച മുനീർ ബാബു, കാടാമ്പുഴയിൽ പരസ്യബോർഡിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനിൽകുമാർ, മേലാറ്റൂരിൽ വൈദ്യുതി പോസ്റ്റ് മുറിഞ്ഞു വീണ് മരിച്ച നാരായണൻ, പോത്തുകല്ലിൽ കേബിളിൽ നിന്ന് ഷോക്കേറ്റ് മരിച്ച ഇബ്രാഹിം, തിരൂരങ്ങാടിയിൽ പ്രഴയസമയത്ത് ഫ്യൂസിൽ നിന്ന് ഷോക്കേറ്റ് മരിച്ച മേലാട്ട് അസ്്കർ, ഒരുക്കുങ്ങലിൽ വീടിനു മുകളിൽ കൂടി പോകുന്ന ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സിനാൻ, തലപ്പാറയിൽ കേബിളിൽ നിന്ന് ഷോക്കേറ്റ് മരിച്ച അന്യ സംസ്ഥാന തൊഴിലാളി തലപ്പാറയിലെ ഗുജ്്‌റൻ, കാടാമ്പുഴയിൽ മോട്ടോർ പമ്പിൽ നിന്ന് ഷോക്കേറ്റ് മരിച്ച ജയപ്രകാശ്, താനൂരിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച അജ്്മൽ, പൊന്നാനി ഈഴുവത്തിരുത്തിയിൽ മേൽകൂരയിൽ നിന്ന് ഷോക്കേറ്റ് മരിച്ച ലക്ഷ്്മി, കുന്നുപുറത്ത് കിണറ്റിലെ പമ്പു സെറ്റിൽ നിന്ന് ഷോക്കേറ്റ് മരിച്ച ആദിത്യൻ, മാറഞ്ചേരി പുറങ്ങിൽ മോട്ടോർ വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ച സുലൈമാൻ, താനൂരിൽ മാങ്ങ പറിക്കുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച അബൂബക്കർ എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി പോസ്റ്ററുകളും ഫ്ളക്സുകളും മറ്റും സ്ഥാപിച്ച് പ്രചരണത്തിന് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു.
കെ.എസ്.ഇ.ബിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ വൈദ്യുത ലൈനിന് സമീപം അശ്രദ്ധമായി പണികൾ ചെയ്തതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. കൂടുതലും പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ മൂലമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച പോസ്റ്ററുകളും മറ്റും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
നിലവിലുള്ള ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിന് കെ.എസ്.ഇ.ബിയും പോലീസും ചേർന്ന് പ്രത്യേക കാമ്പയിൻ ആസൂത്രണം ചെയ്യും. പ്രവർത്തനങ്ങളിൽ പൊതുജന സഹകരണമുണ്ടാക്കുന്നതിന്റെ ഭാഗമായി നവംബർ ആദ്യവാരത്തിൽ ജില്ലാ കലക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വൈദ്യുതീകരണം സംബന്ധിച്ചുള്ള പരിശോധന കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് നടത്തി റിപ്പോർട്ട് നൽകാൻ ലേബർ ഓഫീസർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ചമ്രവട്ടം തിരൂർ റോഡിൽ പണി നടത്തുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ലൈനിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമാരാമത്ത് റോഡ് വിഭാഗവുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തും.
വി.ഐ.പി സന്ദർശനം പോലുള്ള ആവശ്യങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതീകരണത്തിന് ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർമാരുടെ പാനൽ തയ്യാറാക്കും. ഇതിനായി ഡിവിഷൻ തലത്തിൽ പട്ടിക തയ്യാറാക്കും.