Sorry, you need to enable JavaScript to visit this website.

ഓസീസിനെ തകർത്ത് അബ്ബാസ്; പാക്കിസ്ഥാന് പരമ്പര

പാക്കിസ്ഥാൻ കളിക്കാർ പരമ്പരയുടെ ട്രോഫിയുമായി.

അബുദാബി - രണ്ടാമിന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം ആവർത്തിച്ച ഫാസ്റ്റ് ബൗളർ മുഹമ്മദ് അബ്ബാസ് ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തു. രണ്ടാം ടെസ്റ്റിൽ 373 റൺസ് വിജയം നേടിയ പാക്കിസ്ഥാൻ പരമ്പര 1-0ന് സ്വന്തമാക്കുകയും ചെയ്തു. സ്‌കോർ: പാക്കിസ്ഥാൻ 282, 400/9 (ഡിക്ലയേർഡ്). ഓസ്‌ട്രേലിയ 145, 164
62 റൺസ് നൽകി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അബ്ബാസിനു മുന്നിൽ ഒന്നു പൊരുതാൻ പോലും നിൽക്കാതെയാണ് ഓസ്‌ട്രേലിയ 164 റൺസിന് തകർന്നടിഞ്ഞത്. നേരത്തെ ഒന്നാമിന്നിംഗ്‌സിൽ 33 റൺസ് നൽകി അബ്ബാസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒരു ടെസ്റ്റിൽ 28കാരൻ പത്ത് വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യം.
രണ്ടാമിന്നിംഗ്‌സിൽ 534 റൺസായിരുന്നു വിജയലക്ഷ്യം. എന്നാൽ അപകടകാരികളായ ആരൺ ഫിഞ്ച് (31), ട്രവിസ് ഹെഡ് (36), മർണസ് ലാംബുഷെയ്ൻ (43) എന്നിവരെ പുറത്താക്കിയ അബ്ബാസ്, ഓസീസ് ബാറ്റിംഗിന്റെ നടുവൊടിച്ചു. ദുബായിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയത്തിന്റെ വക്കിൽ നിന്ന് സമനില പിടിച്ചെടുക്കാൻ കഴിഞ്ഞ ഓസീസിന് അത്തരം മാജിക്കൊന്നും ഇന്നലെ കാഴ്ചവെക്കാനായില്ല. 23 പന്തിനിടെയാണ് നാല് വിലപ്പെട്ട വിക്കറ്റുകൾ അബ്ബാസ് വീഴ്ത്തുന്നത്. യാസിർ ഷാ 45 റൺസ് നൽകി മൂന്ന് വിക്കറ്റെടുത്തു. 
പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും കനത്ത തോൽവിയാണിത്. 
നാല് വർഷം മുമ്പ് ഇതേ സ്റ്റേഡിയത്തിൽ നേരിട്ട 356 റൺസ് തോൽവിയായിരുന്നു ഇതിനു മുമ്പ്. പരമ്പരയിൽ 17 വിക്കറ്റുകൾ വീഴ്ത്തിയ അബ്ബാസ് പാക്കിസ്ഥാന്റെ തുറുപ്പ് ചീട്ടായിരുന്നു. 2006ൽ കാൻഡിയിൽ മുഹമ്മദ് ആസിഫിനു ശേഷം ഇതാദ്യമാണ് ഒരു പാക് ബൗളർ ഒരു ടെസ്റ്റിൽ പത്ത് വിക്കറ്റ് നേടുന്നത്.
യു.എ.ഇയിലെ നിഷ്പക്ഷ വേദിയിൽ പാക്കിസ്ഥാന്റെ പത്താമത് പരമ്പര വിജയമാണിത്. കഴിഞ്ഞ വർഷം ശ്രീലങ്കയോട് 2-0ന് തോറ്റതൊഴിച്ചാൽ യു.എ.ഇയിലെ പരമ്പരകളിലെല്ലാം പാക്കിസ്ഥാനായിരുന്നു ജയം.

Latest News